തിരുവനന്തപുരം : നാട്ടിൽ തിരിച്ചെത്തുന്ന പ്രവാസികൾക്കും ലോക്ഡൗണിൽ തൊഴിൽ നഷ്ടപ്പെട്ട ദൈനംദിന ഗാർഹിക-വ്യവസായിക തൊഴിലാളികൾക്കും, സാങ്കേതിക വിദ്യാഭ്യാസം പൂർത്തിയാക്കിയ ഉദ്യോഗാർത്ഥികൾക്കും പ്രയോജനകരമായി സ്‌കിൽ രജിസ്ട്രി ആപ്പ്. മരപ്പണിക്കാർ, പ്ലംബർ, ഇലക്ട്രീഷ്യൻ, കെട്ടിട നിർമ്മാണ തൊഴിലാളി എന്നിവർക്കും ആപ്പിൽ അവസരമുണ്ട്. യോഗ്യതയും വൈദഗ്ധ്യവും കൂലിയും പരിശോധിച്ച് ഇഷ്ടമുള്ളയാളെ തെരഞ്ഞെടുക്കാം. അടിയന്തരാവശ്യത്തിന് ഒന്നോ രണ്ടോ മണിക്കൂർ മാത്രം തൊഴിലാളികളെ ആവശ്യമുള്ളവർക്കും ആപ്പ് ഉപയോഗിക്കാം. ഉപഭോക്താവിന്റെ സംതൃപ്തി അനുസരിച്ച് തൊഴിലാളിക്ക് സ്റ്റാർ റേറ്റിംഗും നൽകാനാവും.ആദ്യ വിഭാഗത്തിൽ ഗൃഹോപകരണങ്ങളുടെ അറ്റകുറ്റപണികളും സർവ്വീസിങ്ങും ചെയ്യുന്നവരെയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഡ്രൈവർമാർ, വീട്ടു ജോലിക്കാർ, ശുചീകരണ തൊഴിലാളികൾ, തെങ്ങു കയറ്റക്കാർ, തുണി അലക്കുകയും തേയ്ക്കുകയും ചെയ്യുന്നവർ, ഡേ കെയറുകൾ, ഹോം നഴ്സുമാർ, ആശുപത്രികളിലും വീടുകളിലും വയോജന പരിപാലനം നടത്തുന്നവർ, വീട്ടിലെത്തി കുട്ടികളെ നോക്കുന്നവർ, വീടുകളിലെത്തി പ്രമേഹം, കൊളസ്ട്രോൾ, രക്തസമ്മർദ്ദം എന്നിവ പരിശോധിക്കുന്നവർ മൊബൈൽ ബ്യൂട്ടിപാർലർ സേവനം നടത്തുന്നവർ എന്നിവർ ഈ സർവ്വീസിലുൾപ്പെടും.സ്‌കിൽ രജിസ്ട്രി ആപ്പ് ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് സൗജന്യമായി ഡൗൺലോഡ് ചെയ്യാം. അടിസ്ഥാന വിവരങ്ങൾ നൽകി തൊഴിലാളിയായോ തൊഴിൽ ദായകനായോ രജിസ്റ്റർ ചെയ്യാം.കേരള അക്കാദമി ഫോർ സ്‌കിൽ എക്സലൻസ്, വ്യാവസായിക പരിശീലന വകുപ്പിന്റെയും കുടുംബശ്രീയുടെയും എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളുടെയും സഹകരണത്തോടെ ഒരു വർഷം മുൻപാണ് സ്‌കിൽ രജിസ്ട്രി തൊഴിൽ ആപ്പിന് രൂപം നൽകിയത്.വിശദവിവരങ്ങൾക്ക് സർക്കാർ ഐ.ടി.ഐകളിലോ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിലോ ബന്ധപ്പെടുക. അന്വേഷണങ്ങൾക്ക്: ഷെറിൻ ജോസഫ്, നോഡൽ ഓഫീസർ, ആർ.ഐ. സെന്റർ, ചാക്ക, ഫോൺ: 0471-2501867.