‘സ്‌നേഹസ്പര്‍ശം’മരുന്നുകളുടെ ലിസ്റ്റ് പുനഃക്രമീകരിച്ചു

കോഴിക്കോട് : ജില്ലാ പഞ്ചായത്ത് നടപ്പാക്കി വരുന്ന ‘സ്‌നേഹസ്പര്‍ശം’ പദ്ധതിയിലൂടെ വൃക്കമാറ്റിവെച്ചവര്‍ക്ക് എല്ലാമാസവും സൗജന്യമായി നല്‍കിക്കൊണ്ടിരിക്കുന്ന ഇമ്മ്യൂണോസപ്രസെന്റ് മരുന്നുകളുടെ ലിസ്റ്റ് പുനഃക്രമീകരിച്ചു. ഇതുപ്രകാരം ഡിറിനോണ്‍, പനീഷ്യ, കോണ്‍കോഡ്, നൊവാര്‍ട്ടിസ് തുടങ്ങിയ കംബനികളുടെ പാന്‍ഗ്രാഫ്, ഡീഗ്രാഫ്, ടാക്രൊകോഡ്, ടാക്‌സന്റ് (ടാക്രോലിമസ്) മൈസെപ്റ്റ്, മൈസെല്‍ എസ്, മൊഫികോണ്‍, മൈഫോര്‍ട്ടിക്ക് (മൈക്കോഫിനോലേറ്റ്) പാനിമ്യൂണ്‍ബായോറല്‍, സാന്റിമ്യൂണ്‍നിയോറല്‍ (സൈക്ലോസ്‌ഫൊറിന്‍) എവര്‍ക്കോണ്‍(എവറോലിമസ്) എന്നീ മരുന്നുകള്‍ അധികമായി ഉള്‍പ്പെടുത്തി. ഇതു വരെ നല്‍കിവന്നിരുന്ന മരുന്നുകള്‍ക്കു പുറമേയാണ്  പുതിയ 11 തരം കൂടി ഉള്‍പ്പെടുത്തിയതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി അറിയിച്ചു.

2013ലാണ് ജില്ലാപഞ്ചായത്ത് സ്‌നേഹസ്പര്‍ശത്തിലൂടെ വൃക്കമാറ്റിവെച്ചവര്‍ നിത്യവും കഴിക്കേണ്ട ഇത്തരം വിലകൂടിയ മരുന്നുകള്‍ ഓരോമാസവും സൗജന്യമായി നല്‍കിത്തുടങ്ങിയത്. 370 ഓളം ഗുണഭോക്താക്കള്‍ മരുന്നിനായി റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ജൂണ്‍ മുതല്‍ പുതിയ മരുന്നുകള്‍ ഗുണഭോക്താക്കള്‍ക്ക് ലഭ്യമായിത്തുടങ്ങുമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.

കോവിഡ്19 ലോക്ക്ഡൗണ്‍ കാലത്ത് നിലവിലുള്ള ഡയാലിസിസിനും വൃക്കമാറ്റിവെച്ചവര്‍ക്കുള്ള മരുന്നുകള്‍ക്കുമായി 80 ലക്ഷത്തോളം രൂപ സ്‌നേഹസ്പര്‍ശം നല്‍കി. ലോക്ക്ഡൗണ്‍ കാരണം ഏപ്രില്‍ മെയ് മാസത്തെ മരുന്നുകള്‍ ഒന്നിച്ച് നല്‍കുകയും വന്നുവാങ്ങാന്‍ കഴിയാതിരുന്ന 83 പേര്‍ക്ക് വീട്ടില്‍ എത്തിക്കുകയും ചെയ്തിട്ടുണ്ട്.   ജില്ലയിലെ കരള്‍ മാറ്റിവെച്ച 32 പേര്‍ക്ക് ഈ പ്രത്യേക സാഹചര്യം കണക്കിലെടുത്ത്  മരുന്ന് സൗജന്യമായി നല്‍കി. ജില്ലയിലെ വൃക്ക, മാനസിക രോഗികള്‍, അഗതികളായ എയ്ഡ്‌സ് രോഗികള്‍ എന്നിവരുടെ ചികിത്സ, മരുന്ന്, പരിചരണം എന്നിവയ്ക്കായി മാസംതോറും 30 ലക്ഷത്തില്‍പരം രൂപ സ്‌നേഹസ്പര്‍ശത്തിലൂടെ ജില്ലാ പഞ്ചായത് അനുവദിക്കുന്നതായും  അദ്ദേഹം അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *