വീഡിയോ കോൺഫറൻസിംഗ് ആപ്ലിക്കേഷൻ സൂമിനെതിരെ സർക്കാർ മുന്നറിയിപ്പ് നൽകിയിട്ടും ഡൗൺലോഡുകളിൽ ഒന്നാമതാണ് ഇന്ത്യയുടെ സ്ഥാനം. ആപ്ലിക്കേഷൻ ഇന്റലിജൻസ് സ്ഥാപനമായ സെൻസർ ടവറിന്റെ കണക്കുകൾ പ്രകാരം ഇന്ത്യ ഒന്നാമതും രണ്ടാം സ്ഥാനത്ത് അമേരിക്കയുമാണ്. സൂമിന്റെ മൊത്തം ഡൗൺലോഡുകളുടെ 18.2 ശതമാനത്തിലധികം ഇന്ത്യയിൽനിന്നുമാണ്.
സൂമിന് പുറമെ ആഗോളതലത്തിൽ 107 ദശലക്ഷത്തിലധികം ഡൗൺലോഡുകളുമായി ടിക് ടോക്ക് കഴിഞ്ഞ മാസം വൻ വളർച്ച നേടി.
ലോക്ഡൗൺകാലത്ത് സാമൂഹിക അകലംപാലിക്കലിന്റെ ഭാഗമായി സുഹൃത്തുക്കളും കുടുംബവുമായി സമ്പർക്കം പുലർത്തുന്നതിനും ജോലിയുടെ ഭാഗമായും സൂം , ഗൂഗിൾ മീറ്റ് പോലുള്ള വീഡിയോ കോൺഫറൻസിംഗ് ആപ്ലിക്കേഷനുകളിലേക്ക് ജനങ്ങൾ തിരിഞ്ഞു. വിദ്യാർത്ഥികൾക്ക് പഠനസൗകര്യാർത്ഥം വെർച്വൽ ക്ലാസ് മുറികൾക്കായി സ്ക്കൂളുകൾ ആശ്രയിക്കുന്നതും ഇത്തരം സംവിധാനങ്ങലെത്തന്നെയാണ്. ഇത് കഴിഞ്ഞ രണ്ട് മാസങ്ങളായി സൂമിന്റെ ഡൗൺലോഡുകൾ ഇരട്ടിയായി ഉയർത്താൻ കാരണമായി.