ഹയര്‍ സെക്കന്ററി രണ്ടാം വര്‍ഷ പരീക്ഷയില്‍ 85.13 ശതമാനം വിജയം


തിരുവനന്തപുരം: 2020 മാര്‍ച്ചില്‍ നടന്ന ഹയര്‍ സെക്കന്ററി രണ്ടാം വര്‍ഷ പരീക്ഷയില്‍ 85.13 ശതമാനം വിദ്യാര്‍ത്ഥികള്‍ ഉപരിപഠനത്തിന് യോഗ്യത നേടിയതായി പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ: സി. രവീന്ദ്രനാഥ്. ആകെ 2043 പരീക്ഷാ കേന്ദ്രങ്ങളിലായി സ്‌കൂള്‍ ഗോയിംഗ് റഗുലര്‍ വിഭാഗത്തില്‍ നിന്ന് 3,75,655 പേര്‍ പരീക്ഷ എഴുതിയതില്‍ 3,19,782 പേര്‍ ഉന്നതപഠനത്തിന് യോഗ്യത നേടിയതായും അദ്ദേഹം അറിയിച്ചു.
കഴിഞ്ഞവര്‍ഷത്തെ വിജയ ശതമാനം 84.33 ആയിരുന്നു. ഇത്തവണ ഒന്നാം വര്‍ഷത്തെ പരീക്ഷയുടെ സ്‌കോറുകള്‍ കൂടി കണക്കിലെടുത്താണ് പരീക്ഷാഫലം നിര്‍ണ്ണയിച്ചത്. ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് വിഷയങ്ങള്‍ക്ക് ഇരട്ട മൂല്യനിര്‍ണ്ണയം നടത്തിയാണ് സ്‌കോര്‍ കണക്കാക്കിയത്. രണ്ട് മൂല്യനിര്‍ണ്ണയങ്ങള്‍ തമ്മില്‍ 10 ശതമാനത്തിലധികം വ്യത്യാസം വന്ന ഉത്തരക്കടലാസുകള്‍ മൂന്നാമതും മൂല്യനിര്‍ണ്ണയം നടത്തിയാണ് സ്‌കോര്‍ നിര്‍ണ്ണയിച്ചത്. ഇത്തവണ 1,97,059 പെണ്‍കുട്ടികളില്‍ 1,81,870 പേരും (92.29%), 1,78,596 ആണ്‍കുട്ടികളില്‍ 1,37,912 പേരും (77.22%), അതോടൊപ്പം 1,82,414 സയന്‍സ് വിദ്യാര്‍ത്ഥികളില്‍ 1,61,661 പേരും (88.62%), 77,095 ഹ്യുമാനിറ്റീസ് വിദ്യാര്‍ത്ഥികളില്‍ 59,949 പേരും (77.76%) 1,16,146 കോമേഴ്സ് വിദ്യാര്‍ത്ഥികളില്‍ 98,172 പേരും (84.52%) ഉന്നതപഠനത്തിന് യോഗ്യത നേടി.

18,510 പേര്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയപ്പോള്‍ 31,605 പേര്‍ എല്ലാ വിഷയങ്ങള്‍ക്കും എ ഗ്രേഡോ അതിനു മുകളിലോ, 41,904 പേര്‍ എല്ലാ വിഷയങ്ങള്‍ക്കും ബി പ്ലസോ അതിനു മുകളിലോ, 57,508 പേര്‍ എല്ലാ വിഷയങ്ങള്‍ക്കും ബി ഗ്രേഡോ അതിനു മുകളിലോ, 77,034 പേര്‍ സി പ്ലസ് ഗ്രേഡോ അതിനു മുകളിലോ, 89,888 പേര്‍ സി ഗ്രേഡോ അതിനു മുകളിലോ, 3,333 പേര്‍ ഡി പ്ലസ് ഗ്രേഡോ അതിനു മുകളിലോ നേടി. 54,751 പേര്‍ക്ക് ഡി ഗ്രേഡും 1122 പേര്‍ക്ക് ഇ ഗ്രേഡുമാണ് ലഭിച്ചത്. ഏറ്റവും കൂടുതല്‍ വിജയ ശതമാനം എറണാകുളം ജില്ലയിലും (89.02%), ഏറ്റവും കുറവ് കാസര്‍ഗോഡ് ജില്ലയിലുമാണ് (78.68%). ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികളെ (840 പേര്‍) പരീക്ഷയ്ക്ക് സജ്ജരാക്കിയ സെന്റ് മേരീസ് ഹയര്‍സെക്കന്ററി സ്‌കൂള്‍ പട്ടം, (തിരുവനന്തപുരം) 95.95 ശതമാനം പേര്‍ ഉന്നതപഠനത്തിന് യോഗ്യരായി.

Leave a Reply

Your email address will not be published. Required fields are marked *