ലഖ്‌നോ: യു.പിയിലെ ഹാഥറസിൽ ദലിത് പെൺകുട്ടിയെ ക്രൂരമായി ബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയ സംഭവത്തിൽ കോടതി സ്വമേധയ കേസെടുത്തു. അലഹാബാദ് ഹൈകോടതിയാണ് സ്വമേധയ കേസെടുത്തത്. ഒക്‌ടോബർ 12ന് കേസ് പരിഗണിക്കാനാണ് ഉത്തരവ്.
ഉത്തർപ്രദേശ് അഡീഷണൽ ചീഫ് സെക്രട്ടറി/പ്രിൻസിപ്പൽ സെക്രട്ടറി, യു.പി ഡി.ജി.പി, ലഖ്‌നോ എ.ഡി.ജി.പി, ജില്ലാ മജിസ്‌ട്രേറ്റ്, ഹാഥറസ് എസ്.പി എന്നിവർ കോടതിയുടെ മുമ്പാകെ ഹാജരായി വിശദീകരണം നൽകണമെന്നും ഉത്തരവിട്ടിട്ടുണ്ട്. അവരുടെ വിശദീകരണങ്ങൾക്ക് സാധൂകരണം നൽകുന്ന തെളിവുകളും ഹാജരാക്കണം. കേസിന്റെ അന്വേഷണ പുരോഗതി കോടതിയെ അറിയിക്കണമെന്നും ഉത്തരവിലുണ്ട്. പെൺകുട്ടിയുടെ കുടുംബത്തോടും കോടതിയിലെത്താൻ നിർദേശിച്ചിട്ടുണ്ട്. അവരുടെ ഭാഗം കോടതിയുടെ മുമ്പാകെ വിശദീകരിക്കുന്നതിനാണ് കുടുംബത്തോട് എത്താൻ ആവശ്യപ്പെട്ടത്.
പെൺകുട്ടിയുടെ കുടുംബത്തെ സമ്മർദത്തിലാക്കാൻ ആരെങ്കിലും ശ്രമിച്ചാൽ അവർക്കെതിരെ കർശന നടപടിയുണ്ടാകണമെന്നും കോടതി യു.പി പൊലീസിനോട് ആവശ്യപ്പെട്ടു. ജസ്റ്റിസുമാരായ ജസ്പ്രീത് സിങ്, രാജൻ റോയി എന്നിവരടങ്ങുന്ന ബെഞ്ചിന്റേതാണ് ഉത്തരവ്. സെപ്റ്റംബർ 14ന് യു.പിയിലെ ഹാഥറസിലാണ് പെൺകുട്ടി ക്രൂരമായ ബലാത്സംഗത്തിനിരയായത്. ചികിൽസക്കിടെ സെപ്റ്റംബർ 28ന് ഇവർ മരിച്ചു. തുടർന്ന് രാജ്യവ്യാപകമായി പ്രതിഷേധമുയർന്നിരുന്നു.