ഉത്തര്‍പ്രദേശ്: ഹാഥ്റസില്‍ ക്രൂരമായി പീഡനത്തിനിരയായി കൊല്ലപ്പെട്ട ദളിത് പെണ്‍കുട്ടിയുടെ കുടുംബത്തെ അന്യായമായി ജില്ലാഭരണകൂടം തടഞ്ഞുവെക്കുന്നെന്ന് പരാതി. സംഭവത്തില്‍ ചോദ്യം ചെയ്ത് പെണ്‍കുട്ടിയുടെ കുടുംബം സുപ്രീംകോടതിയെ സമീപിക്കാന്‍ തുടങ്ങുന്നു. കുടുംബത്തിന് വേണ്ടി വാല്മീകി മഹാപഞ്ചായത്ത് നല്കിയ ഹര്‍ജി അലഹബാദ് ഹൈക്കോടതി തള്ളിയ പശ്ചാത്തലത്തിലാണ് കുടുംബം സുപ്രീംകോടതിയെ സമീപിക്കുന്നത്.
ജില്ലാ ഭരണകൂടം തടഞ്ഞു വെച്ചിരിക്കുകയാണെന്ന് ആരോപിച്ച് ഹാഥ്റസ് പെണ്‍കുട്ടിയുടെ കുടുംബത്തിന് വേണ്ടി നല്കിയ ഹര്‍ജി അലഹബാദ് ഹൈക്കോടതി തള്ളിയിരുന്നു. കുടുംബത്തിന് സുപ്രീം കോടതിയെ സമീപിക്കാമെന്ന് ജസ്റ്റിസ് പ്രിതിന്‍കര്‍ ദിവാകര്‍ അധ്യക്ഷനായ ബെഞ്ച് പറഞ്ഞത്. സമാന സ്വഭാവമുള്ള ഹര്‍ജി സുപ്രീം കോടതിയുടെ പരിഗണനയിലുണ്ടെന്ന് നിരീക്ഷിച്ചാണ് കോടതി ഹര്‍ജി തള്ളിയത്.
പൊലീസ് സമ്മര്‍ദ്ദം ചെലുത്തുന്നുവെന്നും തടങ്കലില്‍ ആക്കിയ അവസ്ഥയാണെന്നുമാണ് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നത്.
കുടുംബത്തിന് വേണ്ടി അഖില ഭാരതീയ വാല്മീകി മഹാപഞ്ചായത്താണ് ഹൈക്കോടതിയെ സമീപിച്ചത്. ഹാഥ്റസ് റിപ്പോര്‍ട്ട് ചെയ്യാന്‍ പോയ മലയാളി മാധ്യമപ്രവര്ത്തകന് സിദ്ധീഖ് കാപ്പനെ അറസ്റ്റ് ചെയ്ത യുപി പൊലീസ് നടപടി ചോദ്യം ചെയ്ത് കെയുഡബ്ല്യുജെ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തിങ്കളാഴ്ച സമര്‍പ്പിക്കും.