മെയ് 18 ന് ശേഷം കേരള ഹൈക്കോടതി തുറന്ന് പ്രവർത്തിക്കാൻ തീരുമാനം. ഹർജികൾ പരിഗണിക്കുന്നതും അന്തിമ വാദങ്ങൾ നടക്കുന്നതുമായ കോടതികൾ തുറക്കാനാണ് തീരുമാനം.
കർശനമായ വ്യവസ്ഥകളോടെയേ കേസ് പരിഗണിക്കുകയുള്ളൂ. കോടതി മുറിയിൽ ആകെ 10 സീറ്റുകൾ അനുവദിക്കും. സർക്കാർ അഭിഭാഷകർ കൂടാതെ 6 അഭിഭാഷകരെ മാത്രമേ അനുവദിക്കുകയുള്ളൂ. ജാമ്യ ഹർജികൾ ഒഴികെയുള്ളവ നേരിട്ട് ഫയൽ ചെയ്യാം. ഇതിനായി പ്രത്യേക സംവിധാനം കോടതിയിൽ ഒരുക്കും. അതത് ദിവസം ലിസ്റ്റ് ചെയ്ത കേസുകളിലെ അഭിഭാഷകരെ മാത്രമേ കോടതിയിലേക്ക് കടത്തിവിടുകയുള്ളൂ. പൊതുജനങ്ങൾക്ക് കോടതിയിലേക്ക് പ്രവേശനം ഉണ്ടാകില്ല.
സാമൂഹിക അകലം പാലിക്കാനും മാസ്‌ക് ധരിക്കാനും കോടതി ജീവനക്കാരോടും, അഭിഭാഷകരോടും നിർദ്ദേശിച്ചിട്ടുണ്ട്. അഭിഭാഷകരുടെയും ഹൈക്കോടതി സ്റ്റാഫുകളുടെയും ഭാഗം കേട്ട ശേഷം മാത്രമേ കോടതി തുറക്കുന്ന വിഷയത്തിൽ അന്തിമ തീരുമാനം വരൂ. നിലവിൽ വീഡിയോ കോൺഫറൻസിംഗ് വഴിയാണ് കേസുകൾ പരിഗണിക്കുന്നത്.