24 മണിക്കൂറും കർമനിരതരായി ജില്ലാ കൊറോണ കോൾ സെന്റർ

തിരുവനന്തപുരം കളക്ട്രേറ്റിലുള്ള കോൾ സെന്ററിൽ കൊറോണയുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കായി ഏർപ്പെടുത്തിയ പ്രത്യേക സംവിധാനം പൊതുജനങ്ങൾക്ക് ഏറെ സഹായമാകുന്നു. കളക്ട്രേറ്റിലെ രണ്ടാം നിലയിൽ ദുരന്തനിവാരണ വിഭാഗത്തോടനുബന്ധിച്ചു പ്രവർത്തിക്കുന്ന കോൾ സെന്ററിൽ പത്ത് ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരും 18 ട്രെയിനികളും അടങ്ങുന്ന സംഘമാണ് മൂന്ന് ഷിഫ്റ്റുകളിലായി 24 മണിക്കൂറും പൊതുജനങ്ങൾക്ക് സേവനമൊരുക്കുന്നത്. ഇവർക്ക് മാർഗനിർദേശങ്ങൾ നൽകാൻ മെഡിക്കൽ ഓഫീസർമാരും കമ്മ്യൂണിറ്റി മെഡിസിൻ പി.ജി വിദ്യാർഥികളും മുഴുവൻ സമയവും കോൾ സെന്ററിലുണ്ട്. 1077 എന്ന ടോൾഫ്രീ നമ്പറിൽ വിളിക്കുന്നവർക്ക് സെന്ററിലേക്ക് നേരിട്ട് ബന്ധപ്പെടാം. ട്രാഫിക്ക് ഒഴിവാക്കാനായി 12 ടെലിഫോൺ ലൈനുകൾ സജ്ജീകരിച്ചിട്ടുണ്ട്. ലൈനിൽ ട്രാഫിക് അമിതമാകുമ്പോൾ ഉണ്ടാകുന്ന സാങ്കേതിക പ്രശ്‌നങ്ങൾ പരിഹരിക്കാൻ ബി.എസ്.എൻ.എൽ ജീവനക്കാരും സദാ സന്നദ്ധരാണ്. ഫയർഫോഴ്‌സ്, റവന്യൂ, പോലീസ് ഉദ്യോഗസ്ഥരും കോൾ സെന്ററിൽ പ്രവർത്തിക്കുന്നു. ദിവസേന നൂറുകണക്കിന് കോളുകളാണ് ഇവിടേക്കെത്തുന്നത്. രോഗികളുടെ റൂട്ട് മാപ്പ് പ്രസിദ്ധീകരിക്കുമ്പോൾ അതിൽ പറഞ്ഞിരിക്കുന്ന സ്ഥലങ്ങളിൽ പോയിട്ടുള്ളവരും, രോഗലക്ഷണങ്ങൾ പ്രകടമാകുമ്പോൾ സംശയദൂരീകരണത്തിനായി വിളിക്കുന്നവരുമാണ് ഏറെ. പരാതി പറയാനും മറ്റു വകുപ്പുകൾ നടപടി എടുക്കേണ്ട വിഷയങ്ങളും പൊതുജനങ്ങൾ കോൾ സെന്റർ മുഖേന പങ്കുവെക്കുന്നു.

വിദേശത്തു നിന്നും വന്നവർ വിളിക്കുമ്പോൾ രോഗിയുമായുള്ള സമ്പർക്കം, രോഗ ലക്ഷണം, നാട്ടിൽ എത്തിയിട്ട് എത്ര ദിവസമായി തുടങ്ങിയ കാര്യങ്ങൾ ചോദിച്ചശേഷം ഹോം ക്വാറന്റൈനിൽ പ്രവേശിക്കണമെങ്കിൽ അതിന്റെ നിർദേശം നൽകും. അങ്ങനെ പ്രവേശിച്ചവർക്ക് അതത് പ്രദേശത്തെ ആരോഗ്യ സ്ഥാപനങ്ങളുടെ സേവനവും ലഭ്യമാക്കാറുണ്ട്. കോൾ സെന്ററിൽ റവന്യു-ആരോഗ്യ വകുപ്പ് അധികൃതർ സന്ദർശിക്കുകയും വേണ്ട നിർദേശങ്ങൾ നൽകുകയും ചെയ്തുവരുന്നു. കൂടാതെ ജില്ലാ കളക്ടർ കെ. ഗോപാലകൃഷ്ണൻ എല്ലാ ദിവസവും സെന്ററിന്റെ പ്രവർത്തനങ്ങൾ വിലയിരുത്തും.

Leave a Reply

Your email address will not be published. Required fields are marked *