ന്യൂഡൽഹി: എഴുപത്തിനാലാം സ്വാതന്ത്ര്യദിനത്തിന്റെ നിറവിൽ രാജ്യമെത്തിയപ്പോൾ കൊവിഡ് 19 പശ്ചാത്തലത്തിൽ കർശന നിയന്ത്രണത്തിൽ ചെങ്കോട്ടയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ദേശീയപതാക ഉയർത്തി സ്വാതന്ത്ര്യദിനാഘോഷത്തിന് തുടക്കം കുറിച്ചു. രാജ്ഘട്ടിൽ രാഷ്ട്രപിതാവിന് ആദരാഞ്ജലി അർപ്പിച്ച ശേഷമാണ് പ്രധാനമന്ത്രി ചെങ്കോട്ടയിലേക്ക് എത്തിയത്. കേന്ദ്രമന്ത്രി രാജ്നാഥ് സിംഗ് അദ്ദേഹത്തെ സ്വീകരിച്ചു.
ചെങ്കോട്ടയുടെ ലാഹോറി ഗേറ്റിൽ ആറടി അകലം പാലിച്ചാണ് സീറ്റുകൾ ക്രമീകരിച്ചത്. നൂറിൽ താഴെ പേർ മാത്രമേ പ്രധാന വേദിയിലുള്ളു. സ്കൂൾ കുട്ടികൾക്കു പകരം എൻസിസി കേഡറ്റുകളാണ് ഇത്തവണ പരേഡിനുള്ളത്. രാജ്യത്തെ എല്ലാ ജനങ്ങൾക്കും പ്രധാനമന്ത്രി നരേന്ത്രമോദി സ്വാതന്ത്ര്യദിനാശംസകൾ നേർന്നു. സ്വയം പര്യാപ്ത ഇന്ത്യക്കായി പ്രതിജ്ഞ ചെയ്യാമെന്ന് കേന്ദ്രആഭ്യന്തര മന്ത്രി അമിത് ഷായും ട്വിറ്ററിൽ കുറിച്ചു.