4 കോടിയുടെ വികസന പദ്ധതിയുമായി ഉള്ളിയേരി ഗ്രാമപഞ്ചായത്ത്

ഉള്ളിയേരി ഗ്രാമപഞ്ചായത്ത് സമഗ്ര വികസനം ലക്ഷ്യമാക്കി 2020- 21 വർഷത്തിൽ 34 കോടിയുടെ വികസന പദ്ധതികൾ നടപ്പാക്കും. പട്ടികജാതി വികസനം, ഭവന നിർമ്മാണം, കുടിവെള്ളം, ശുചിത്വം, കാർഷിക വികസന പദ്ധതികൾ എന്നിവയ്ക്ക് മുഖ്യ പരിഗണന നൽകും. പട്ടികജാതി വിഭാഗത്തിന്റെ സമഗ്ര വികസനം ലക്ഷ്യമാക്കി കൊണ്ടുള്ള പദ്ധതികൾക്ക് 50 ലക്ഷം രൂപയും വീടില്ലാത്ത മുഴുവൻ കുടുംബങ്ങൾക്കും ലൈഫ് പദ്ധതിയിൽ വീട് നിർമ്മിക്കാൻ 74.82 ലക്ഷവും കുടിവെള്ള പദ്ധതികൾക്കായി 50 ലക്ഷം രൂപയും വകയിരുത്തി. കാർഷികമേഖലയുടെ വീണ്ടെടുപ്പിനായി കർമ്മ സേനയുടെ നേതൃത്വത്തിൽ 20.47 ലക്ഷം രൂപയുടെ പദ്ധതികൾ നടപ്പിലാക്കും. തരിശായി കിടക്കുന്ന 100 ഏക്കറിൽ ഈ വർഷം നെൽകൃഷിയും പച്ചക്കറി കൃഷിയും ഉൽപാദിപ്പിക്കും. തൊഴിലുറപ്പ് പദ്ധതിയിൽ 15 കോടി രൂപ വകയിരുത്തി. കുളം നവീകരണം, കിണർ റീചാർജിങ്, കിണർ നിർമ്മാണം, ഭവനനിർമ്മാണം, കക്കൂസ് നിർമ്മാണം, തൊഴുത്ത്, കോഴിക്കൂട്, ആട്ടിൻ കൂട്, കനാൽ നവീകരണം, പ്രാദേശിക റോഡുകൾ തുടങ്ങിയ പ്രവൃത്തികൾ ഏറ്റെടുക്കും.

മൃഗസംരക്ഷണം, ക്ഷീരവികസനം എന്നിവയ്ക്കായി 32.6 ലക്ഷം രൂപ വകയിരുത്തി. വിവിധ ക്ഷേമപെൻഷനുകൾക്കായി 9.55 കോടി രൂപ, വയോജനങ്ങൾക്കായി 11.55 ലക്ഷം, സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമത്തിനായി 13.4 ലക്ഷം, ഭിന്നശേഷി കുട്ടികളുടെ സ്‌കോളർഷിപ്പിനായി 9.4 ലക്ഷം, അങ്കണവാടി കുരുന്നുകളുടെ പോഷകാഹാരത്തിന് 30 ലക്ഷം, ബഡ്സ് സ്‌കൂൾ സ്ഥാപിക്കുന്നതിനായി 15 ലക്ഷം, വിദ്യാഭ്യാസ മേഖലയ്ക്കായി 50 ലക്ഷം, നിർമ്മലം ഉർവരം- എന്റെ ഉള്ളിയേരി പദ്ധതിക്ക് 50 ലക്ഷം രൂപയും വകയിരുത്തി. യു-ക്യാൻ, ഉർവ്വരം, സോദരി, സ്നേഹനാണയം തുടങ്ങിയ പഞ്ചായത്ത് തനതു പദ്ധതികൾ കാര്യക്ഷമമാക്കി നടപ്പിലാക്കും.

ആരോഗ്യമേഖലയുടെ വികസനത്തിനായി 15 ലക്ഷം രൂപയും വകയിരുത്തി. മാതാംതോടിന്റെ നീരൊഴുക്ക് സുഗമമാക്കാൻ നവീകരണപ്രവർത്തനങ്ങൾ ഊർജ്ജിതമാക്കും. ഉള്ളിയേരി കമ്മ്യൂണിറ്റി ഹാൾ പുതുക്കിപ്പണിയുന്നതിന് ഒരു കോടി രൂപയും പശ്ചാത്തല മേഖലയിൽ 1.80 കോടി രൂപയും വകയിരുത്തി. വിശപ്പുരഹിത കേരളം പദ്ധതിയിൽ ഭക്ഷണശാലയും പ്രധാന കേന്ദ്രങ്ങളിൽ ടോയ്‌ലറ്റുകളും ആരംഭിക്കും.

Leave a Reply

Your email address will not be published. Required fields are marked *