അർദ്ധരാത്രി 12.30… ഡൽഹി കലാപക്കേസിൽ ജസ്റ്റിസ് എസ് മുരളീധരന്റെ വസതിയിൽ അടിയന്തരവാദം കേൾക്കുന്നു…
’’ ആശുപത്രിയിൽ 2 മൃതദേഹങ്ങളുണ്ട്, 22 പരുക്കേറ്റവരുമുണ്ട്, ഇവരെ മറ്റൊരു ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ വൈകിട്ട് നാലു മുതൽ പോലീസിനെ വിളിക്കുകയാണ്’’, ന്യൂ മുസ്തഫാബാദ് അൽ ഹിന്ദ് ആശുപത്രിയിലെ ഡോക്ടർ ഫോൺമാർഗം കോടതിയെ ബോധിപ്പിച്ചതിങ്ങനെയായിരുന്നു… അക്രമത്തിൽ പരുക്കേറ്റവരെ കൂടുതൽ സൗകര്യമുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ സഹായം ആവശ്യപ്പെട്ടിട്ടും എട്ടു മണിക്കൂർ നേരത്തേക്ക് പോലീസ് അനങ്ങിയില്ലെന്ന വിവരം ജഡ്ജി തന്നെ ആശുപത്രിയിലേക്ക് നേരിട്ട് വിളിച്ച് ബോധ്യപ്പെടുകയായിരുന്നു ആ സമയം. ഇതേ തുടർന്നായിരുന്നു അൽ ഹിന്ദ് ആശുപത്രിയിലുള്ളവരെ അർദ്ധരാത്രി തന്നെ ജിടിബി ആശുപത്രിയിലേക്ക് മാറ്റാൻ കോടതി, പോലീസിന് കർശന നിർദ്ദേശം നൽകിയത്.
അനീതിക്കെതിരെ ശബ്ദിക്കുന്ന വായ മൂടിക്കെട്ടിയ നടപടികൾ ഇതിനു മുമ്പും നാം കണ്ടിട്ടുള്ളതാണ്. നീതിക്കും നിയമത്തിനും മേലെ പ്രഖ്യാപിത അജണ്ടകൾക്ക് സ്ഥാനം നൽകുമ്പോൾ പ്രതിഷേധ സ്വരത്തിന്റെ ഉടമകളുടെ സ്ഥാനത്തിന് സ്ഥിരതയില്ലാതാകും. നീതി കാത്തിരിക്കുന്നവർക്ക് പ്രതീക്ഷയേകുന്ന ശബ്ദമാണ് ജസ്റ്റിസ് എസ് മുരളീധറിന്റേത്. കലാപങ്ങളിലെ ഇരകൾ, പാർശ്വവത്കരിക്കപ്പെടുന്ന സമൂഹം, മാനസിക-ശാരീരിക വൈകല്യമുള്ളവർ, വിചാരണത്തടവുകാർ തുടങ്ങി നീതി തേടുന്ന നിരാലംബർക്ക് താങ്ങായാണ് എസ് മുരളീധരനെ ഇന്ത്യ ഇതുവരെ കണ്ടിട്ടുള്ളത്. ദൽഹിയിൽ 34 പേരുടെ മരണത്തിനിടയാക്കിയ കലാപം പൊട്ടിപുറപ്പെട്ടപ്പോൾ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും അമിത് ഷായും കാഴ്ച്ചക്കാരായി നോക്കി നിൽക്കുകയായിരുന്നു.
’കേസെടുക്കാൻ നഗരം കത്തിത്തീരണോ’’? ഡൽഹിയിലെ അനിഷ്ടസംഭവങ്ങളിൽ എത്രയും പെട്ടെന്ന് നടപടി വേണമെന്ന് ആഹ്വാനം ചെയ്തുകൊണ്ട് ഡൽഹി ഹൈക്കോടതി ജസ്റ്റിസ് ആയിരുന്ന എസ് മുരളീധർ, സോളിസിറ്റർ ജനറൽ തുഷാർ മേത്തയോട് ചോദിച്ച ചോദ്യമാണിത്. ഒപ്പം, 1984 ലെ സിക്ക് വിരുദ്ധ കലാപം പോലെ മറ്റൊന്ന് ഉണ്ടാകരുതെന്നും ജാഗ്രത പുലർത്തണമെന്ന ആഹ്വാനവും…
ഡൽഹി കലാപ കേസിലെ ജസ്റ്റിസ് എസ്.മുരളീധറിന്റെ നീതിയുക്തമായ ഇടപെടലുകളാൽ വാർത്തകളിലും സോഷ്യൽ മീഡിയകളിലും അദ്ദേഹം നിറഞ്ഞുനിന്നു. കലാപം പടർന്നിട്ടും നടപടി സ്വീകരിക്കാതിരുന്ന പൊലീസിനെ കേസ് പരിഗണിക്കുമ്പോൾ രൂക്ഷമായി വിമർശിച്ചിരുന്നു മുരളീധർ. വിദ്വേഷ പ്രസംഗം നടത്തിയതിന് ബി.ജെ.പി നേതാക്കൾക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ടതിന് പിറകെയാണ് സ്ഥലംമാറ്റ ഉത്തരവ് പുറത്തിറങ്ങിയത്. 1984 ൽ ചെന്നൈയിൽ അഡ്വക്കേറ്റായാണ് മുരളീധറിന്റെ നിയമജീവിതം ആരംഭിക്കുന്നത്. 1987 ൽ ദൽഹിയിലെത്തിയ അദ്ദേഹം സുപ്രീംകോടതിയിലും ഡൽഹി ഹൈക്കോടതിയിലും എത്തി. ഭോപ്പാൽ വാതക ദുരന്തത്തിലും നർമ്മദ അണക്കെട്ടിന് വേണ്ടി കുടിയിറക്കപ്പെട്ടവർക്കും വേണ്ടി അദ്ദേഹം നടത്തിയ നിയമ ഇടപെടലുകൾ ശ്രദ്ധേയമായിരുന്നു. അശരണരും നിസ്സഹായരും നീതിന്യായ വ്യവസ്ഥയുടെ മുന്നിൽ സംസാരിക്കാനുള്ള ത്രാണിയില്ലാത്തവരുമായ പാവപ്പെട്ടവർക്ക് എന്നും തന്റെ ശബ്ദം നിർഭയം കടം നൽകിയിരുന്ന ധീരനായ ഒരു അഭിഭാഷകനാണ് ജസ്റ്റിസ് എസ്. മുരളീധർ. 1961 ഓഗസ്റ്റ് 8 ന് ചെന്നൈയിൽ ജനിച്ച മുരളീധർ 1984 സെപ്റ്റംബറിലാണ് ചെന്നൈയിൽ അഭിഭാഷകനായി എന്റ്റോൾ ചെയ്യുന്നത്.
അഭിഭാഷകൻ എന്ന നിലയിൽ അദ്ദേഹം കോടതിയിൽ തന്റെ വിശ്വരൂപം കാണിച്ച രണ്ട് അവസരങ്ങളാണ് ഭോപ്പാൽ ഗ്യാസ് ട്രാജഡിയിലെ ഇരകളുടെ കേസിലെയും നർമദ കേസിലെയും വാദങ്ങൾ. തനിക്ക് ലഭിച്ച യാത്രയയപ്പ് ചടങ്ങിലും അദ്ദേഹം ആ ഓർമ്മകൾ പങ്കുവച്ചിരുന്നു. ഭോപ്പാൽ ഗ്യാസ് ട്രാജഡിയിലെ കേസ് നിരവധി ബഞ്ചുകളുടെ മുന്നിൽ പലവട്ടം വാദത്തിനു വന്നിട്ടും തീരുമാനമൊന്നും ആകാതിരുന്നതും ഒടുവിൽ ജസ്റ്റിസ് വി. ആർ. കൃഷ്ണയ്യർ വെറും പത്തുമിനിറ്റ് നേരം വാദം കേട്ട ശേഷം വിധി പുറപ്പെടുവിച്ചതുമെല്ലാം ചടങ്ങിനിടെ അദ്ദേഹം ഓർത്തെടുത്തു. ‘എന്റെ കോടതിപ്രവേശം തന്നെ വല്ലാത്തൊരു വിരോധാഭാസമായിരുന്നു. ഞാൻ ഒരിക്കലും നിയമം പഠിക്കേണ്ടവനല്ലായിരുന്നു. എംഎസ്സിക്ക് രജിസ്റ്റർ ചെയ്തിരുന്ന എനിക്ക് നിയമവുമായുണ്ടായിരുന്ന ഒരേയൊരു ബന്ധം, ഒരു അഭിഭാഷകന്റെ മകനോടൊപ്പം ഞാൻ ക്രിക്കറ്റ് കളിച്ചിരുന്നു, അദ്ദേഹത്തിന്റെ ചേമ്പറിൽ എന്റെ ബാഗ് വച്ചിരുന്നു എന്നത് മാത്രമായിരുന്നു’, എന്നാണ് മറുപടി പ്രസംഗത്തിൽ ജസ്റ്റിസ് മുരളീധർ പറഞ്ഞത്.
തനിക്ക് അനുകൂലമായി നിലപാടെടുക്കുന്നവർക്കെതിരെ പോലും പക്ഷപാതമില്ലാതെ ഉത്തരവ് പുറപ്പെടുവിക്കുന്നതിൽ ശ്രദ്ധേയനായിരുന്നു ജസ്റ്റിസ് മുരളീധർ. തന്നെ ‘മൈ ലോഡ്’ എന്നു കോടതിമുറിയിൽ അഭിഭാഷകർ വിളിക്കേണ്ടതില്ലെന്ന് രജിസ്ട്രിയെ ഒരിക്കൽ അറിയിച്ച ജസ്റ്റിസ് മുരളീധർ തന്റെ കസേര വലിച്ചിടാൻ സഹായിയുടെ ആവശ്യമില്ലെന്നും പ്രഖ്യാപിച്ചിരുന്നു. ജസ്റ്റിസ് മുരളീധറുടെ ശ്രദ്ധേയമായ പല വിധികളും വലിയ വാർത്തകളായിരുന്നു. 2009ലെ നാസ് ഫൗണ്ടേഷൻ കേസ് പരിഗണിച്ച് സ്വവർഗലൈംഗികത ക്രിമിനൽ കുറ്റമല്ലെന്ന് ആദ്യമായി ഉത്തരവിട്ടത് ജസ്റ്റിസ് മുരളീധർ ഉൾപ്പെട്ട ഹൈക്കോടതി ബെഞ്ചായിരുന്നു.
2018ലായിരുന്നു ജസ്റ്റിസ് മുരളീധറുടെ പല വലിയ ഉത്തരവുകളും പുറത്തു വന്നത്. മാവോയിസ്റ്റ് ബന്ധം ആരോപിച്ച് ജയിലിലായിരുന്ന ആക്ടിവിസ്റ്റുകളായ ഗൗതം നവ്ലഖ ഉൾപ്പെടെയുള്ളവർക്ക് ജാമ്യം അനുവദിച്ചതായിരുന്നു അതിലൊന്ന്. 1986ലെ ഹാഷിംപുര കൂട്ടക്കൊലയുമായി ബന്ധപ്പെട്ട് ഉത്തർ പ്രദേശ് പ്രൊവിൻഷ്യൽ ആംഡ് കോൺസ്റ്റബുലറി അംഗങ്ങൾ കുറ്റക്കാരായി കണ്ട് വിധി പ്രസ്താവിച്ചതും ഇദ്ദേഹമായിരുന്നു.
1984 ലെ സിഖ് കലാപത്തിൽ കോൺഗ്രസ് നേതാവ് സജ്ജൻ കുമാർ കുറ്റക്കാരനാണെന്നും അതേ വർഷം ജസ്റ്റിസ് മുരളീധർ വിധി പുറപ്പെടുവിച്ചു. 2019 ഏപ്രിലിൽ ഡൽഹി സ്കൂളുകളിലെ ഫീസ് കുത്തനെ ഉയർത്തിയതിനെതിരെ ലഭിച്ച പരാതികളിൽ ജസ്റ്റിസ് മുരളീധർ അധ്യക്ഷനായ ബെഞ്ചായിരുന്നു വിദ്യാഭ്യാസ ഡയറക്ടറേറ്റിന് സ്വകാര്യ സ്കൂളുകളുടെ അക്കൗണ്ട് വിവരങ്ങൾ ഓഡിറ്റ് ചെയ്യാൻ അധികാരമില്ലെന്ന വിധി പുറപ്പെടുവിച്ചത്. ഡൽഹിയിലെ സ്കൂളുകളുടെ ഫീസ് വർധിപ്പിക്കാൻ അനുമതി നൽകിയ ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ ഉത്തരവിനെതിരെ ഡൽഹി സർക്കാർ നൽകിയ ഹർജിയിലായിരുന്നു ഉത്തരവ്.സുപ്രീം കോടതിയുമായി ബന്ധപ്പെട്ട കേസുകളിലും ജസ്റ്റിസ് മുരളീധർ ശ്രദ്ധേയമായ വിധികൾ പുറപ്പെടുവിച്ചിട്ടുണ്ട്. എത്ര സുപ്രീം കോടതി ജഡ്ജിമാർ അവരുടെ സ്വത്തുവിവരങ്ങൾ വെളിപ്പെടുത്തിയിട്ടുണ്ടെന്ന് ചോദിച്ച വിവരാവകാശ അപേക്ഷകന്റെ ഹർജിയിൽ അനുകൂലമായ ഉത്തരവ് പുറപ്പെടുവിച്ചത് ജസ്റ്റിസ് മുരളീധർ അധ്യക്ഷനായ ബെഞ്ചായിരുന്നു. തുടർന്ന് 2010 ജനുവരി 10ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ ഓഫീസും വിവരാവകാശ നിയമത്തിന്റെ പരിധിയിൽ വരുമെന്ന് ഡൽഹി ഹൈക്കോടതി വിധിയ്ക്കുകയായിരുന്നു. ജുഡീഷ്യറിയുടെ സ്വാതന്ത്ര്യം ജഡ്ജിയുടെ അവകാശമല്ലെന്നും അവരുടെ ഉത്തരവാദിത്തമാണെന്നുമായിരുന്നു കോടതിയുടെ പരാമർശം.
ഡൽഹി കലാപ കേസിൽ നീതിയുക്തമായ നിലപാട് സ്വീകരിച്ചതിനാൽ കേന്ദ്ര സർക്കാർ അന്നുതന്നെ സ്ഥലം മാറ്റിയ ജസ്റ്റിസ് എസ് മുരളീധറിന് ലഭിച്ചതുപോലൊരു യാത്രയയപ്പ്, മറ്റാർക്കും നാളിതുവരെ ലഭിച്ചുകാണില്ല. അഭിഭാഷകരുടെ വാക്കുകൾ കടമെടുത്താൽ മുൻപ് സ്ഥലം മാറ്റം ലഭിച്ച് പോയ മറ്റൊരു ജഡ്ജിക്കും ലഭിക്കാത്ത തരത്തിൽ അഭിഭാഷക പങ്കാളിത്തത്താൽ ശ്രദ്ധേയമായയാത്രയയപ്പ്. ഏതൊരു യാത്രയയപ്പു വേളയിലും ഉയർന്നു കേൾക്കുന്ന ഉപചാരവാക്കുകൾക്ക് മേലെ ഈ അഭിപ്രായത്തിന് ഡൽഹി ബാർ അസോസിയേഷൻ വിലകല്പിക്കുന്നുണ്ട്. അത് തന്റെ കഴിഞ്ഞ പത്തുവർഷത്തെ കർമ്മകാണ്ഡം കൊണ്ട് ജസ്റ്റിസ് എസ് മുരളീധർ അവിടെ ഉണ്ടാക്കിയെടുത്ത പ്രതിച്ഛായയുടെ മഹത്വമാണ്. ഡൽഹി ഹൈക്കോടതിയുടെ കോഹിനൂർ പടിയിറങ്ങുന്നു എങ്കിലും, വെറും നൂറുകിലോമീറ്റർ അപ്പുറത്ത് മറ്റൊരു ഉന്നതന്യായപീഠത്തിൽ അദ്ദേഹത്തിന്റെ സാന്നിധ്യമുണ്ടാകും എന്നത് ആശ്വാസകരമാണെന്നാണ് ഡൽഹി ബാർ അസോസിയേഷൻ സെക്രട്ടറി പറഞ്ഞത്. വികാരനിർഭരമായ യാത്രയയ്പ്പാണ് ജസ്റ്റിസ് മുരളീധറിന് ലഭിച്ചത്.
നിരത്തിയ സീറ്റുകൾ നിറഞ്ഞതിനാൽ നിരവധി അഭിഭാഷകർ നിന്നാണ് ജഡ്ജിയുടെ വാക്കുകൾ കേട്ടത്. ആകാശത്തിനു ചോട്ടിലെ നിയമസംബന്ധിയായ ഏത് വിഷയവും ചർച്ച ചെയ്യാൻ പോന്ന പാണ്ഡിത്യമുള്ള, ഏതുകാര്യത്തിലും യുക്തിസഹവും നീതിയുക്തവുമായ തീരുമാനങ്ങൾ എടുക്കാൻ കർമ്മശേഷിയുള്ള ഒരു നിയമജ്ഞനെ ഡൽഹി ഹൈക്കോടതിക്ക് നഷ്ടമാവുകയാണെന്നാണ് ജസ്റ്റിസ് മുരളീധറിനെ യാത്രയയച്ച് കൊണ്ട് ഡൽഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഡി എൻ പട്ടേൽ പറഞ്ഞത്. മറുപടി പ്രസംഗത്തിൽ, ‘സത്യത്തോടൊപ്പം എക്കാലത്തും നിലനിൽക്കുക നീതി നടപ്പിലാകുക തന്നെ ചെയ്യു’മെന്ന് അദ്ദേഹം സഹപ്രവർത്തകരെ ഓർമ്മിപ്പിച്ചു. ഒരാഴ്ചമുമ്പ്, ഒരു യുവ അഭിഭാഷകൻ നടത്തിയ ഒരു കുശലാന്വേഷണം നർമ്മമായി പറഞ്ഞാണ് മുരളീധർ പ്രസംഗം അവസാനിപ്പിച്ചത്.
‘സർ, നിങ്ങൾ ഡൈ ചെയ്യുന്നുണ്ടോ’? എന്നായിരുന്നു ആ യുവ അഭിഭാഷകന്റ ചോദ്യം. തന്റെ തലമുടിയെക്കുറിച്ചാണ് അദ്ദേഹം തിരക്കിയത്. ‘എല്ലാവരും ഒരു ദിവസം ചെയ്യേണ്ടി വരും, പക്ഷേ ഇപ്പോൾ പഞ്ചാബ്-ഹരിയാന ഹൈക്കോടതിയിൽ ചെന്ന് ചാർജ്ജെടുക്കാൻ മാനസികമായി തയ്യാറെടുത്തു കഴിഞ്ഞു’… ഇങ്ങിനെ തന്റെ കരിയറിലെ സുപ്രധാന നിമിഷങ്ങൾ ഓർത്തെടുത്തും അനുഭവങ്ങൾ പങ്കുവെച്ചും ആ നീതിപതി ഡൽഹി ഹൈക്കോടതിയുടെ പടിയിറങ്ങി.