സംസ്ഥാന യുവജനക്ഷേമ ബോർഡ് 2019ലെ സ്വാമി വിവേകാനന്ദൻ യുവപ്രതിഭാ പുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു. വ്യക്തിഗത അവാർഡിനായി 18നും 40നും മധ്യേ പ്രായമുള്ള യുവജനങ്ങൾക്ക് അപേക്ഷിക്കാം. സാമൂഹ്യപ്രവർത്തനം, മാധ്യമപ്രവർത്തനം (അച്ചടി മാധ്യമം), മാധ്യമ പ്രവർത്തനം (ദൃശ്യമാധ്യമം), കല, സാഹിത്യം, ഫൈൻ ആർട്സ്, കായികം (വനിത, പുരുഷൻ), ശാസ്ത്രം, സംരംഭകത്വം, കൃഷി മേഖലകളിലാണ് അവാർഡ്. അവാർഡിനായി സ്വയം അപേക്ഷ സമർപ്പിക്കുകയോ മറ്റൊരു വ്യക്തിയെ നാമനിർദ്ദേശം ചെയ്യുകയോ ചെയ്യാം. അപേക്ഷരുടെ പ്രവർത്തനങ്ങളെ വിലയിരുത്തിയാണ് വിദഗ്ധ ജൂറി ജേതാക്കളെ തിരഞ്ഞെടുക്കുക. 50,000 രൂപയും പ്രശസ്തി പത്രവും പുരസ്കാരവും അടങ്ങുന്നതാണ് അവാർഡ്.
യുവജനക്ഷേമ ബോർഡിൽ അഫിലിയേറ്റ് ചെയ്ത യൂത്ത്/ യുവ ക്ലബ്ബുകളിൽ നിന്നും അവാർഡിനായി അപേക്ഷകൾ ക്ഷണിച്ചു. ജില്ലാതലത്തിൽ തിരഞ്ഞെടുക്കുന്ന മികച്ച ക്ലബ്ബിന് 30,000 രൂപയും പ്രശസ്തി പത്രവും പുരസ്കാരവും ലഭിക്കും. ജില്ലാതലത്തിലെ അവാർഡ് നേടിയ ക്ലബ്ബുകളെയാണ് സംസ്ഥാനതലത്തിലെ അവാർഡിനായി പരിഗണിക്കുന്നത്. സംസ്ഥാന അവാർഡ് നേടുന്ന ക്ലബ്ബിന് 50,000 രൂപയും പ്രശസ്തി പത്രവും പുരസ്കാരവും ലഭിക്കും. അപേക്ഷകൾ 31നകം ജില്ലാ യുവജനകേന്ദ്രത്തിൽ ലഭ്യമാക്കണം. മാർഗ്ഗനിർദ്ദേശങ്ങളും അപേക്ഷാഫോറവും ജില്ലാ യുവജനകേന്ദ്രങ്ങളിലും www.ksywb.kerala.gov.in ലഭിക്കും. ഫോൺ: 0471-2733139, 2733602, 2733777.