കുടുംബശ്രീയിലെ പെൺകരുത്തിന് ബിഗ് സല്യൂട്ട്

കാസർഗോഡ്: വിവിധ മേഖലകളിൽ കുടുംബശ്രീയിലൂടെ വേറിട്ട പ്രവൃത്തികൾ നടത്തി ശ്രദ്ധേയമാവുകയാണ് പള്ളിക്കരയിലെ വീട്ടമ്മമാർ. അമൃതം പൊടി- റാഗി ബിസ്‌ക്കറ്റ്, നാപ്കിൻ, ജേഴ്‌സി, കശുവണ്ടി മിഠായി, തുണി സഞ്ചി, പച്ചക്കറി കൃഷി, നെൽകൃഷി, ബേക്കറി ഉത്പന്ന തുടങ്ങിയവയുടെ നിർമ്മാണത്തിലൂടെയും ഹരിത കർമ്മ സേനയിലൂടെ മാലിന്യ നിർമ്മാർജ്ജന രംഗത്തും വേറിട്ട പ്രവർത്തനത്തിലൂടെയുമൊക്കെ വികസനത്തിലേക്ക് അതിവേഗം കുതിക്കുകയാണ് ഇവിടുത്തെ സ്ത്രീകൾ. ജീവിതം കരുപ്പിടിപ്പിക്കാൻ ഓരോ മേഖലകളും വെട്ടിപ്പിടിക്കുന്ന വനിതാ രത്‌നങ്ങളെ പരിചയപ്പെടാം.
2005 ഏപ്രിൽ 12 നാണ് ആറുപേരടങ്ങിയ അക്ഷയ യൂണിറ്റ് പള്ളിക്കര പറമ്പയിൽ ആരംഭിക്കുന്നത്. കൂലിപ്പണിയും കൃഷിപ്പണിയും ചെയ്ത് ഉപജീവനം നടത്തുന്ന ഭർത്താക്കൻമാരെ ആശ്രയിച്ച് വീട്ടകങ്ങളിൽ ജീവിച്ചിരുന്നവർ ആദ്യ വർഷങ്ങളിൽ അമൃതം പൊടി നിർമ്മിച്ച് ലഭിച്ച ലാഭത്തിൽ നിന്നും 30 രൂപമാത്രം എടുത്ത് ബാക്കി തുക സ്വരൂക്കൂട്ടിയ പെൺപടക്ക് ഇന്ന് സ്വന്തമായി ആറ് സെന്റ് ഭൂമിയും കെട്ടിടവുമുണ്ട്. മക്കളെ പഠിപ്പിക്കാനും വീട് വെക്കാനും തുടങ്ങി വിവിധങ്ങളായ ആവശ്യങ്ങൾ കുടുംബശ്രീ സംരംഭത്തിലൂടെ നിറവേറ്റാൻ കഴിഞ്ഞ സംതൃപ്തിയിലാണ് അക്ഷയ യൂണിറ്റിലെ ശ്യാമള. എഞ്ചിനീയറായി ജോലി ചെയ്യുന്നവരും സിവിൽ സർവ്വീസ് എൻട്രൻസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവരുമുണ്ട് ഇവരുടെ മക്കളുടെ കൂട്ടത്തിൽ. പെൺമക്കളെ വിവാഹം ചെയ്ത് അയക്കാൻ കുടുംബശ്രീ സംരംഭം താങ്ങായ കഥയും ഇവർ പറയുന്നു. ഇന്ന് അമൃതം പൊടി കൂടാതെ അമൃതം ബിസ്‌ക്കറ്റ്, റാഗി ബിസ്‌ക്കറ്റ്, റാഗി പൊടി തുടങ്ങിയ ഉത്പന്നങ്ങളിലേക്കും ശ്രദ്ധ കേന്ദ്രീകരിച്ച യൂണിറ്റിന്റെ ഉത്പന്നങ്ങൾക്കെല്ലാം മാർക്കറ്റിൽ ആവശ്യക്കാരേറെയാണ്. ഉദുമ, പള്ളിക്കര, കുമ്പള, ബദിയഡുക്ക പഞ്ചായത്തുകളിലേക്കുള്ള അമൃതം പൊടി വിതരണം ചെയ്യുന്നത് അക്ഷയ യൂണിറ്റാണ്.

Leave a Reply

Your email address will not be published. Required fields are marked *