കോവിഡ്-19 നിർവ്യാപന പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് രാജ്യത്ത് നിലനിൽക്കുന്ന ലോക്ക്ഡൗൺ മെയ് 17 വരെ ദീർഘിപ്പിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവായ സാഹചര്യത്തിൽ സംസ്ഥാനത്തെ നിയന്ത്രണങ്ങളും നടപടിക്രമങ്ങളും സംബന്ധിച്ച് മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു.
റെഡ്സോൺ ജില്ലകളിലെ ഹോട്ട്സ്പോട്ട് (കണ്ടയിൻമെന്റ് സോൺ) പ്രദേശങ്ങളിൽ നിലവിലുള്ള ലോക്ക് ഡൗൺ നിർദ്ദേശങ്ങൾ കർശനമായി തുടരും. മറ്റു പ്രദേശങ്ങളിൽ ആവശ്യമായ ഇളവുകൾ നൽകും.
ഓറഞ്ച് സോണുകളിലെ ഹോട്ട്സ്പോട്ടുകളിൽ (കണ്ടയിൻമെന്റ് സോണുകളിൽ) നിലവിലെ ലോക്ക്ഡൗൺ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണം. ഹോട്ട്സ്പോട്ടുകളുള്ള നഗരസഭകളുടെ കാര്യത്തിൽ അതത് വാർഡുകളിലാണ് ലോക്ക്ഡൗൺ മാനദണ്ഡങ്ങൾ പാലിക്കേണ്ടത്. പഞ്ചായത്തുകളുടെ കാര്യത്തിൽ പ്രസ്തുത വാർഡുകളിലും കൂടിച്ചേർന്ന് കിടക്കുന്ന വാർഡുകളിലും ലോക്ക്ഡൗൺ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണം.