ഹൃദയ സംബന്ധമായ അസുഖങ്ങൾ കൊണ്ട് വിഷമിക്കുമ്പോഴും കടലാസിൽ തീർത്ത കരകൗശല വസ്തുക്കൾ വിറ്റു ലഭിച്ച 4350 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി അതുല്യ. സാലറി ചലഞ്ചുമായി ബന്ധപ്പെട്ട വിവാദങ്ങൾ ശ്രദ്ധയിൽപ്പെട്ടപ്പോഴാണ് തന്റെ സമ്പാദ്യം ദുരിതാശ്വാസ നിധിയിലേക്ക് കൈമാറാൻ അതുല്യ തീരുമാനമെടുത്തത്. ജനിച്ച നാൾ മുതൽ അസുഖങ്ങൾ കൂടെയുള്ള അതുല്യക്ക് ജീവിതത്തിലെ ഏറ്റവും സന്തോഷം നൽകിയ തീരുമാനമാണ് ഇതെന്ന് മാതാപിതാക്കൾ.
ഇടക്കൊച്ചി കുമ്പളംഫെറി വരിക്കശ്ശേരി അശോകൻ – അമ്പിളി ദമ്പതികളുടെ മകളാണ് അതുല്യ. 35 വർഷമായി മരുന്നുകളുടെ സഹായത്തോടെയാണ് ജീവൻ നിലനിർത്തുന്നത്. ഹൃദയത്തിന്റെ വാൽവിന് തകരാറായിരുന്നു.ആറു മാസമെത്തിയപ്പോൾ ആദ്യ ശസ്ത്രക്രിയ. പക്ഷേ അസുഖങ്ങൾ പിന്തുടർന്നു. അഞ്ചാം ക്ലാസുവരെ സ്‌കൂളിൽ പോയി. പിന്നീട് പുറത്തിറങ്ങാൻ കഴിയാതെ വീട്ടിൽ തന്നെ.
ഈ സമയത്താണ് പേപ്പർ ഉപയോഗിച്ച് കരകൗശല വസ്തുക്കൾ നിർമ്മാണം തുടങ്ങിയത്. ഗുരുനാഥൻമാരില്ല. കണ്ണിൽ കാണുന്നതെല്ലാം പേപ്പറിൽ മെനഞ്ഞെടുക്കും. ടിവി പരിപാടികളിൽ കാണുന്ന വസ്തുക്കൾ നിമിഷ നേരത്തിൽ പേപ്പറിൽ തീർക്കും. വീടു മുഴുവൻ പേപ്പർ വിസ്മയങ്ങൾ നിറഞ്ഞപ്പോൾ സന്ദർശകരായെത്തിയവർ ഇഷ്മുള്ളത് വാങ്ങി പണം നൽകും. ഇങ്ങനെ പലപ്പോഴായി ലഭിച്ച തുകകൾ കൂട്ടി വച്ചാണ് അതുല്യ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത്. തുക ജോൺ ഫെർണാണ്ടസ് എം എൽഎ ഏറ്റുവാങ്ങി.