ക്രഷർ ഉത്പന്നങ്ങളുടെ അനധികൃത കടത്ത്; ഒൻപതു വാഹനങ്ങൾ പിടിച്ചു

ലോക്ക്ഡൗണിന്റെ മറവിൽ ചാരായം വാറ്റുന്നതും, പച്ചമണ്ണും, ക്രഷർ ഉത്പന്നങ്ങളും മറ്റും കടത്തുന്നതും കർശനമായി തടയുന്നതിനുള്ള റെയ്ഡുകൾ തുടരുന്നതായി ജില്ലാ പോലീസ് മേധാവി കെ.ജി സൈമൺ അറിയിച്ചു. മതിയായ രേഖകളോ അനുമതിപത്രമോ ഇല്ലാതെ ക്രഷർ ഉത്പന്നങ്ങളും മെറ്റലും കടത്തിയതിന് പത്തനംതിട്ട, കോന്നി ഭാഗങ്ങളിൽ നിന്നും ഒൻപതു വാഹനങ്ങൾ പിടിച്ചെടുത്തു. ഷാഡോ പോലീസിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. കോന്നി പയ്യനാമണ്ണിലുള്ള ക്രഷറിൽ നിന്നും മെറ്റലിന്റെ പാസ് ഉപയോഗിച്ച് പാറപ്പൊടി കടത്തിയ വാഹനവും പിടിച്ചെടുത്തവയിൽ ഉൾപെടും. അഞ്ചു ടോറസും നാലു ടിപ്പറുകളുമാണ് എസ്‌ഐ റെഞ്ചുവിന്റെ നേതൃത്വത്തിലുള്ള ഷാഡോ പോലീസ് സംഘം കസ്റ്റഡിയിലെടുത്തത്.
ചാരായം വിൽപ്പനക്കായി കൈവശം വച്ചതിന് അടൂർ പോലീസ് ഒരാളെ പിടികൂടി. അടൂർ കോട്ടപ്പുറം താഴത്തേതിൽ വീട്ടിൽ രാജേഷിനെയാണ് അടൂർ എസ്‌ഐ അനൂപും സംഘവും അറസ്റ്റ് ചെയ്തത്. വീടിന് സമീപം വിൽപ്പനയ്ക്ക് നിന്ന ഇയാളിൽ നിന്നും അര ലിറ്റർ ചാരായം പിടിച്ചെടുത്തു.
ലോക്ക്ഡൗൺ നിബന്ധനകളിൽ വരുത്തിയ ഇളവുകൾ പ്രകാരം വിവിധ മേഖലകളിൽ ഏർപ്പെടുത്തിയ ക്രമീകരണങ്ങൾ പാലിക്കപ്പെടുന്നത് ഉറപ്പുവരുത്തും. ലംഘനങ്ങൾക്കെതിരെ കർശന നിയമനടപടികൾ തുടരുമെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു. ജില്ലയിൽ തിങ്കൾ വൈകിട്ട് നാലു മുതൽ ചൊവ്വ വൈകിട്ടു നാലു വരെ ലോക്ക്ഡൗൺ ലംഘനങ്ങൾക്ക് 307 കേസുകൾ രജിസ്റ്റർ ചെയ്തു. 315 പേരെ അറസ്റ്റ് ചെയ്യുകയും 274 വാഹനങ്ങൾ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *