യെസ് ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് മുൻ എംഡിയും സിഇഒയുമായ റാണ കപൂറിനെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കുറ്റപത്രം സമർപ്പിച്ചു. 5,050 കോടി രൂപയുടെ അഴിമതിയും ക്രമക്കേടുകളും ആരോപിച്ച് മുംബൈയിലെ പിഎംഎൽഎ കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ യെസ് ബാങ്ക് സഹസ്ഥാപകൻ കൂടിയായ റാണ കപൂറിനെതിരെ കൂടാതെ ഭാര്യ ബിന്ദു കപൂർ, പെൺമക്കളായ റോഷ്നി കപൂർ, രാധ കപൂർ, രാഖി കപൂർ എന്നിവരും പ്രതികളാണ്.
കപൂർ കുടുബത്തിന്റെ നിയന്ത്രണത്തിലുള്ള മോർഗൻ ക്രെഡിറ്റ്സ്, യെസ് ക്യാപിറ്റൽ, റാബ് എന്റർപ്രൈസസ് എന്നീ സ്ഥാപനങ്ങളും പ്രതിപ്പട്ടികയിൽ ഉൾപ്പെടുന്നു. ചില സ്ഥാപനങ്ങൾക്ക് വായ്പ അനുവദിച്ചതിന് പകരമായി വൻ തുക കൈക്കൂലി വാങ്ങിയതായുള്ള ആരോപണത്തോടെ കപൂറിനെ മാർച്ച് എട്ടിന് കള്ളപ്പണം തടയൽ നിയമപ്രകാരം (പിഎംഎൽഎ) കേന്ദ്ര അന്വേഷണ ഏജൻസി അറസ്റ്റ് ചെയ്തിരുന്നു.
രാജീവ് ഗാന്ധിയുടെ എം.എഫ് ഹുസൈൻ പെയിന്റിംഗ് ഉൾപ്പെടെ 59 പെയിന്റിംഗുകളും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കപൂർ കുടുബത്തിൽ നിന്നു പിടിച്ചെടുത്ത് കോടതിയിലെത്തിച്ചിട്ടുണ്ട്. പ്രിയങ്ക ഗാന്ധിയിൽ നിന്ന് കപൂർ രണ്ട് കോടി രൂപയ്ക്ക് വാങ്ങിയതാണ് ഹുസൈൻ പെയിന്റിംഗ്.
കുംഭകോണത്തിനിരയായ ദിവാൻ ഹൗസിംഗ് ഫിനാൻസ് ലിമിറ്റഡിൽ (ഡിഎച്ച്എഫ്എൽ) നിന്ന് യെസ് ബാങ്ക് 3,700 കോടി രൂപയുടെ ഡിബഞ്ചറുകൾ വാങ്ങിയതിനു പിന്നിൽ അഴിമതി നടന്നതായി കുറ്റപത്രത്തിൽ പറയുന്നു. അതിനുശേഷം മോർഗൻ ക്രെഡിറ്റ്സ് വഴി കപൂറിന്റെ പെൺമക്കൾ നിയന്ത്രിക്കുന്ന ഡൊയിറ്റ് അർബൻ വെഞ്ചേഴ്സിന് 600 കോടി രൂപ ഡിഎച്ച്എഫ്എൽ വായ്പ അനുവദിച്ചു. ഡിഎച്ച്എഫ്എൽ പ്രൊമോട്ടർമാരായ കപിൽ വാധവാൻ, ധീരജ് വാധവൻ എന്നിവരെ ഏപ്രിൽ 27 ന് സിബിഐ അറസ്റ്റ് ചെയ്തിരുന്നു.
വായ്പ നൽകാൻ കനത്ത തുക കൈക്കൂലിയായി റാണ കപൂർ വാങ്ങിയ നിരവധി സംഭവങ്ങൾ കുറ്റപത്രത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കപൂറിനെ അറസ്റ്റ് ചെയ്യുന്നതിന് മൂന്ന് ദിവസം മുമ്പ് മുതൽ റിസർവ് ബാങ്ക് യെസ് ബാങ്കിന്റെ നിയന്ത്രണം ഏറ്റെടുത്തിരുന്നു.ബാങ്കിന്റെ തകർച്ച ഒഴിവാക്കാൻ എസ്ബിഐ, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക തുടങ്ങിയവയുടെ സഹകരണത്തോടെയുള്ള പുനർനിർമ്മാണ പദ്ധതി നടപ്പാക്കിവരുന്നു