പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെതിരെ അഴിമതി ആരോപണങ്ങൾ ഉണ്ടായിരുന്നിട്ടും സർക്കാർ രൂപീകരിക്കാൻ ഇസ്രായേൽ സുപ്രീം കോടതി അനുമതി നൽകി. അഴിമതി ആരോപണങ്ങളിൽ പ്രോസിക്യൂഷൻ നേരിടുന്നതിനാൽ നെതന്യാഹുവിനെ അയോഗ്യനാക്കണമെന്ന എതിർവാദം കോടതി ഏകകണ്ഠമായി നിരസിച്ചുവെന്നാണ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നത്.
നെതന്യാഹുവും എതിരാളിയായ മുൻ കരസേനാ മേധാവി ബെന്നി ഗാന്റ്സും തമ്മിലുള്ള കൂട്ടുകക്ഷിഉത്തരവാദിത്തം തടയാനും കോടതി വിസമ്മതിച്ചു. പതിനെട്ട് മാസത്തിന് ശേഷം അധികാരം വച്ചുമാറാൻ ഇരുവരും സമ്മതിക്കുകയും ചെയ്തു. മെയ് 13 ന് നെതന്യാഹു സത്യപ്രതിജ്ഞ ചെയ്യും. കരാർ പ്രകാരം, നെതന്യാഹു 18 മാസം പ്രധാനമന്ത്രിയായി തുടരും, രാജ്യത്തിന്റെ നിയമങ്ങൾക്ക് വിധേയമായ ഒരു റൊട്ടേഷൻ ഇടപാടിൽ ഗാന്റ്സ് അധികാരമേൽക്കും. അതുവരെ ഗാന്റ്സ് ഇസ്രായേലിന്റെ പ്രതിരോധ മന്ത്രിയായും ബ്ലൂ ആൻഡ് വൈറ്റ് പാർട്ടി അംഗം ഗാബി അഷ്കെനാസി രാജ്യത്തിന്റെ വിദേശകാര്യമന്ത്രിയായും പ്രവർത്തിക്കും. കൈക്കൂലി, വഞ്ചന, വിശ്വാസ്യത ലംഘനം എന്നീ കുറ്റങ്ങൾ ഉന്നയിച്ച് നെതന്യാഹുവിനെതിരായ വിചാരണ മെയ് 24 ന് ആരംഭിക്കും.