ട്രെയിൻ യാത്രക്കാർക്കായി കൂടുതൽ ക്രമീകരണങ്ങൾ

ഇടവേളക്ക് ശേഷം ട്രെയിൻ ഗതാഗതം പുനഃസ്ഥാപിക്കുമ്പോൾ മറ്റു സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന യാത്രക്കാർക്കായി ശക്തമായ നിരീക്ഷണ സംവിധാനം ഒരുക്കാൻ ജില്ല ഭരണകൂടം തീരുമാനിച്ചു. മന്ത്രി വി. എസ് സുനിൽകുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന കോവിഡ് അവലോകന യോഗത്തിലാണ് റെയിൽവേ സ്റ്റേഷനിൽ നിരീക്ഷണം കർശനമാക്കാൻ തീരുമാനിച്ചത്. ഡൽഹിയിൽ നിന്നും മെയ്‌ 13ന് പുറപ്പെടുന്ന ട്രെയിൻ കോഴിക്കോട്, എറണാകുളം ജംഗ്ഷൻ, തിരുവനന്തപുരം എന്നീ സ്ഥലങ്ങളിൽ ആണ് നിർത്തുന്നത്. എറണാകുളത്ത് എത്തുന്ന യാത്രക്കാരെ വീടുകളിലേക്കും സമീപ ജില്ലകളിലേക്കും എത്തിക്കാനായി വാഹനങ്ങളും, ഓരോ യാത്രക്കാരെയും പ്രാഥമിക ലക്ഷണങ്ങൾ വിലയിരുത്താനുള്ള സംവിധാനങ്ങളും ക്രമീകരിക്കും. കെ.എസ്.ആർ. ടി. സി ബസുകളും ടാക്സി സംവിധാനവും അതിനായി ക്രമീകരിക്കും. 

തുറമുഖത്തിലെ പ്രവർത്തങ്ങൾ അനായാസമായി നടത്താൻ കൂടുതൽ ക്രമീകരണങ്ങൾ നടത്താൻ മന്ത്രി നിർദേശം നൽകി. അതിനായി തുറമുഖത്തു മോക്ക് ഡ്രിൽ വീണ്ടും നടത്തും. വിവിധ വകുപ്പുകൾ സംയോജിതമായിട്ടാണ് മോക്ക് ഡ്രിൽ നടത്തുന്നത്. 

മറ്റു സംസ്ഥാനങ്ങളിൽ നിന്നെത്തിയ ആളുകളെ വീടുകളിൽ നിരീക്ഷണത്തിൽ കഴിയാനായി നിർദേശം നൽകി. നിലവിൽ നിരീക്ഷണ കേന്ദ്രങ്ങളിൽ ഉള്ള ആളുകളെ വീടുകളിലേക്ക് അയക്കും. സ്വകാര്യ വാഹനങ്ങളിലോ ടാക്സികളിലോ വീടുകളിലേക്ക് മടങ്ങാം. വിദേശത്തു നിന്നെത്തിയ ആളുകൾക്ക് മാനസിക പിരിമുറുക്കം കുറയ്ക്കാനായി കൗൺസിലിങ് നടത്തും. 

നിലവിൽ ജില്ലയിൽ 26 നിരീക്ഷണ കേന്ദ്രങ്ങളിൽ ആയി 3600ഓളം പേരെ താമസിപ്പിക്കാൻ ഉള്ള സൗകര്യമാണ് ഉള്ളത്.വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്ന ആളുകൾക്ക് ആവശ്യ വസ്തുക്കളും ഭക്ഷണവും എത്തിച്ചു നൽകണമെന്ന് മന്ത്രി നിർദേശം നൽകി. വാർഡ് തല ജാഗ്രത സമിതിയുടെ നേതൃത്വത്തിൽ ആയിരിക്കും ഇക്കാര്യങ്ങൾ നടപ്പാക്കുന്നത്. 

Leave a Reply

Your email address will not be published. Required fields are marked *