വയനാട് : കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ അടുത്ത ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ കൂടുതല്‍ മുന്‍കരുതലുകളുമായി ജില്ലാ ആരോഗ്യ വകുപ്പ്. മുതിര്‍ന്ന പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി റിവേഴ്സ് ക്വാറന്റൈന്‍ സംവിധാനം തുടങ്ങുന്നു. ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ ഉളളവരെ മറ്റുള്ളവരില്‍നിന്നും മാറ്റി പാര്‍പ്പിച്ച് കോവിഡ് 19 വൈറസ് വയോജനങ്ങളില്‍ നിന്ന് തടയുന്നതിനായാണ് റിവേഴ്സ് ക്വാറന്റൈന്‍ സജ്ജമാക്കുന്നത്. 60 വയസ്സിനു മുകളിലുളള മുതിര്‍ന്ന പൗരന്‍മാര്‍, അനിയന്ത്രിതമായ പ്രമേഹ രോഗമുളളവര്‍, അനിയന്ത്രിതമായ രക്താതിസമ്മര്‍ദ്ദമുളളവര്‍, രോഗപ്രതിരോധശേഷി കുറഞ്ഞ എല്ലാ പ്രായത്തിലുമുളളവര്‍, രോഗപ്രതിരോധശേഷി കുറയ്ക്കുന്ന മരുന്നു കഴിക്കുന്ന എല്ലാ പ്രായത്തിലുമുളളവര്‍, അടുത്തിടെ അവയവമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയമായവര്‍, ഗര്‍ഭിണികള്‍, പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, വിട്ടുമാറാത്ത ശ്വാസകോശ സംബന്ധമായ അസുഖമുളള എല്ലാ പ്രായത്തിലുമുളളവര്‍ തുടങ്ങിയവര്‍ക്കാണ് റിവേഴ്സ് ക്വാറന്റൈന്‍ നടപ്പിലാക്കുന്നത്.
ഇവര്‍ പാലിക്കേണ്ട മുന്‍കരുതലുകളില്‍ പ്രധാനപ്പെട്ടവ:
എപ്പോഴും മാസ്‌ക് ധരിക്കുക, സോപ്പും വെള്ളവും ഉപയോഗിച്ച് ഇടയ്ക്കിടെ കൈ കഴുകുക, ബെഡ് ഷീറ്റ്, ടൗവ്വല്‍, പാത്രം, ഗ്ലാസ് മുതലായവ കുടുംബാംഗങ്ങളുമായി പങ്കിടരുത്. പ്രത്യേക ശുചിമുറി ഉപയോഗിക്കണം. ജീവിത ശൈലി രോഗമുള്ളവര്‍ അവരുടെ മരുന്നുകള്‍ ഒരു മാസത്തേക്ക് വാങ്ങി സൂക്ഷിക്കണം, അത്യാവശ്യ കാര്യങ്ങള്‍ക്ക് മാത്രം പുറത്തു പോകുക, സാമൂഹിക അകലം പാലിക്കുക. പതിവ് പരിശോധനകള്‍ക്കായി ആശുപത്രിയില്‍ പോകുന്നത് ഒഴിവാക്കുക, ടെലി മെഡിസിന്‍ സേവനം പ്രയോജനപ്പെടുത്തുക.