സംസ്ഥാന സര്‍ക്കാരിന്റെ സുഭിക്ഷ കേരളം പദ്ധതി കുന്നംകുളം നിയോജക മണ്ഡലത്തില്‍ വന്‍ വിജയമാക്കണമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീന് തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും നിര്‍ദ്ദേശം നല്കി. കുന്നംകുളം നഗരസഭ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സുഭിഷ കേരളം പദ്ധതി അവലോകന യോഗത്തിലാണ് സ്ഥലം എം എല്‍ എ കൂടിയായ മന്ത്രിയുടെ നിര്‍ദ്ദേശം. സുഭിക്ഷ കേരളം പദ്ധതി അടുത്ത ആഴ്ചയോടെ തന്നെ നിയോജക മണ്ഡലാടിസ്ഥാനത്തില്‍ നടപ്പിലാക്കാമെന്ന് വിവിധ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും മന്ത്രിയ്ക്ക് ഉറപ്പു നല്കി. കുന്നംകുളം നഗരസഭ, ചൊവന്നൂര്‍ – വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത്, ഇവയ്ക്കു കീഴില്‍ നിയോജക മണ്ഡലത്തില്‍പ്പെടുന്ന ഗ്രാമ പഞ്ചായത്തുകള്‍ എന്നിവിടങ്ങളിലാണ് അടുത്ത ആഴ്ചയോടെ പദ്ധതി നടപ്പിലാക്കുക. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ കൃഷി, മൃഗസംരക്ഷണം, ക്ഷീര വികസനം, മത്സ്യ ബന്ധനം എന്നീ വകുപ്പുകളുടെ സഹകരണത്തോടെയാണ് പദ്ധതി. ജലസേചന വകുപ്പ്, വ്യവസായ വകുപ്പ് എന്നിവയും അനുബന്ധ കാര്യങ്ങളില്‍ പദ്ധതിയില്‍ പങ്കുചേരും.
സുഭിഷ കേരളം പദ്ധതിയ്ക്ക് പഞ്ചായത്ത് തലത്തിലും വാര്‍ഡ് തലത്തിലും പ്രത്യേക കമ്മറ്റികള്‍ രൂപീകരിച്ചാണ് പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടതെന്നും കൃഷി, അനുബന്ധമേഖലയ്ക്ക് പ്രാധാന്യം നല്കി പദ്ധതി ആദ്യ ഘട്ടത്തില്‍ വിജയിപ്പിച്ചെടുക്കണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വീടുകള്‍, സര്‍ക്കാര്‍ – ഇതര സ്ഥാപനങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവ കേന്ദ്രീകരിച്ച് കൃഷി പരിപോഷിപ്പിച്ചെടുക്കണം. പദ്ധതിയില്‍ പെടുന്ന ഓരോ മേഖലയേയുംകുറിച്ച് ജനങ്ങളില്‍ അവബോധമുണ്ടാക്കിയെടുക്കാന്‍ ബന്ധപ്പെട്ടവര്‍ ശ്രദ്ധിക്കണമെന്നും മന്ത്രി വ്യക്തമാക്കി. സംസ്ഥാന തലത്തില്‍ 3860 കോടിയുടെ പദ്ധതിയാണ് സുഭിക്ഷ കേരളം. കൃഷി – 1449 കോടി, മൃഗസംരക്ഷണം – 118 കോടി, ക്ഷീരവികസനം – 215 കോടി, മത്സ്യ ബന്ധനം – 2078 കോടി എന്നിങ്ങനെയാണ് പദ്ധതിയ്ക്കായി സര്‍ക്കാര്‍ വകയിരുത്തിയ തുകയെന്നും മന്ത്രി അറിയിച്ചു.