വയനാട് : ജില്ലയില്‍ കൂടുതല്‍ കോവിഡ് 19 കേസുകള്‍ സ്ഥിരീകരിച്ച സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കും. ഗതാഗത വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്റെ അദ്ധ്യക്ഷതയില്‍ കളക്ട്രേറ്റില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് തീരുമാനം. ആവശ്യമാകുന്ന പക്ഷം നിലവില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയ പ്രദേശങ്ങള്‍ക്ക് പുറമേ മറ്റിടങ്ങളിലേക്കും നിയന്ത്രണം ഏര്‍പ്പെടുത്തും. തദ്ദേശ സ്ഥാപനങ്ങളുടെയും ആരോഗ്യ വകുപ്പിന്റെയും കരട് നിര്‍ദ്ദേശാനുസരണമാണ് ജില്ലാഭരണകൂടം ഇക്കാര്യത്തില്‍ നടപടിയെടുക്കുക. നെന്‍മേനി പഞ്ചായത്തിനെ കൂടി ഹോട്സ്പോട്ട് പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് ജില്ലാ കളക്ടര്‍ ഡോ.അദീല അബ്ദുളള അറിയിച്ചു.
മുത്തങ്ങ അതിര്‍ത്തി വഴി യാത്രാപാസ് കൈവശമുള്ളവരെ മാത്രമേ ജില്ലയിലേക്ക് പ്രവേശിപ്പിക്കുകയുളളുവെന്ന് മന്ത്രി പറഞ്ഞു. ഇത്തരത്തില്‍ എത്തുന്നവര്‍ക്ക് എല്ലാവിധ സൗകര്യങ്ങളും ഉറപ്പ് വരുത്തും. മതിയായ പാസില്ലാതെ എത്തുന്നത് നിരീക്ഷണ സംവിധാനമൊരുക്കുന്നതില്‍ പ്രയാസം സൃഷ്ടിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. തദ്ദേശ സ്ഥാപനങ്ങളുടെ മേല്‍നോട്ടത്തില്‍ നടത്തുന്ന കോവിഡ് കെയര്‍ സെന്ററുകളില്‍ മികച്ച സൗകര്യമാണ് ഒരുക്കിയിട്ടുളളത്. ഇത്തരത്തില്‍ തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തല്‍ നടത്തുന്ന പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് എം.എല്‍.എമാര്‍ അടക്കമുളള ജനപ്രതിനിധികളുടെ പിന്തുണ ഉറപ്പാക്കും. ഇതിന്റെ ഭാഗമായി ബന്ധപ്പെട്ട പഞ്ചായത്ത് പ്രസിഡന്റുമാരുമായി ജനപ്രതിനിധികള്‍ ആശയവിനിമയം നടത്തും. അതത് നിയോജകമണ്ഡലം എം.എല്‍.എമാരുടെ നേതൃത്വത്തിലാണ് ആശയവിനിമയം നടത്തുക. ഇതോടൊപ്പം കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന ജില്ലയിലെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരുടെയും മറ്റ് ആരോഗ്യവകുപ്പ് ജീവനക്കാരുടെയും മാനസിക സംഘര്‍ഷങ്ങള്‍ കുറയ്ക്കുന്നതിന് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തിലും ഇടപെടലുകള്‍ നടത്തും.