പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാത്രി എട്ടുമണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യും. ലോക്ക്ഡൗൺ മൂന്നാംഘട്ടം ഞായറാഴ്ച അവസാനിക്കുന്ന പശ്ചാത്തലത്തിൽ നിയന്ത്രണങ്ങളിലെ ഇളവുകൾ അടക്കമുള്ള കാര്യങ്ങൾ പ്രധാനമന്ത്രി വ്യക്തമാക്കിയേക്കും. ലോക്ക്ഡൗൺ നാലാം ഘട്ടത്തിലേക്ക് നീട്ടുമോ എന്നതടക്കമുള്ള കാര്യങ്ങൾ പ്രധാനമന്ത്രി ഇന്ന് പ്രഖ്യാപിച്ചേക്കും.
രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം കൂടുന്ന സാഹചര്യത്തിൽ ലോക്ക്ഡൗൺ നീട്ടണമെന്ന് ആറ് സംസ്ഥാനങ്ങൾ ആവശ്യപ്പെട്ടിരുന്നു. ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ തീരുമാനിക്കാനുള്ള അവകാശം സംസ്ഥാനങ്ങൾക്ക് നൽകിയേക്കും. ഇന്നലെ പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിമാരുമായി നടത്തിയ വിഡിയോ കോൺഫറൻസിലാണ് ഇക്കാര്യം ഉയർന്നുവന്നത്. ചില സംസ്ഥാനങ്ങൾ ലോക്ക്ഡൗൺ ഘട്ടംഘട്ടമായി പിൻവലിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തിൽ ഇന്ന് പ്രധാനമന്ത്രി തീരുമാനം അറിയിച്ചേക്കും.
നിയന്ത്രണങ്ങൾ സംബന്ധിച്ച് സംസ്ഥാനങ്ങൾക്ക് കൂടുതൽ അധികാരം നൽകണമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടത്. ഹോട്ട്സ്പോട്ടുകൾ ഒഴികെയുള്ള മേഖലകളിൽ മെട്രോ അടക്കമുള്ള ട്രെയിൻ സർവീസുകൾ നടത്തണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു.