തൃശൂര്‍: കൊറോണയ്ക്കെതിരെ പൊരുതുന്ന ആരോഗ്യ പ്രവർത്തകർക്ക് സ്നേഹാഭിവാദ്യമർപ്പിച്ച് ലോക നഴ്സിങ് ദിനത്തിൽ തൃശ്ശൂർ രാമനിലയത്തിന് ചുറ്റും കാർട്ടൂൺ മതിൽ ഉയർത്തി. കൊറോണ പ്രതിരോധത്തിനായി സർക്കാർ നടത്തുന്ന ബ്രേക്ക് ദ ചെയിൻ പ്രചാരണത്തിന്റെ ഭാഗമായി ആരോഗ്യ വകുപ്പ്, കേരള സാമൂഹ്യ സുരക്ഷാ മിഷൻ, കേരള കാർട്ടൂൺ അക്കാദമി എന്നിവർ സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്.
മാസ്ക്, സോപ്പ്, സാമൂഹിക അകലം തുടങ്ങിയ കരുതൽ നിർദ്ദേശങ്ങളാണ് കാർട്ടൂണുകളിലൂടെ പ്രചരിപ്പിക്കുന്നത്. സംസ്ഥാനത്തെ രണ്ടാമത്തെ കാർട്ടൂൺ മതിലാണ് തൃശ്ശൂരിൽ തീർത്തത്. കാർട്ടൂൺ അക്കാദമി ചെയർമാൻ കെ. ഉണ്ണികൃഷ്ണൻ, സെക്രട്ടറി അനൂപ് രാധാകൃഷ്ണൻ, മായാവി, ലുട്ടാപ്പി തുടങ്ങിയ കഥാപാത്രങ്ങളെ സൃഷ്ടിച്ച മുതിർന്ന കാർട്ടൂണിസ്റ്റ് മോഹൻദാസ്, രതീഷ് രവി, സുരേഷ് ഡാവിഞ്ചി, മധൂ എസ്, ടി. എസ്. സന്തോഷ്, പ്രിയരഞ്ജിനി, ദിൻരാജ്, ഷാക്കിർ എറവക്കാട് എന്നീ കലാകാരന്മാർ രചനയിൽ പങ്കെടുത്തു.