മാലാഖമാര്‍ക്ക് കഞ്ഞിക്കുഴി പഞ്ചായത്തിന്റെ ആദരം

ആലപ്പുഴ: കേരളത്തിന്റെ അഭിമാനകരമായ കൊറോണാ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മുഖ്യപങ്കുവഹിക്കുന്ന നഴ്‌സുമാര്‍ക്ക്, ലോക നഴ്സ്സ് ദിനത്തില്‍ കഞ്ഞിക്കുഴി പഞ്ചായത്തിന്റെ ആദരം. കഞ്ഞിക്കുഴി പഞ്ചായത്തിലെ വിവിധ വാര്‍ഡുകളില്‍ കോവിഡ്-19 പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മുഴുകിയിരിക്കുന്ന നഴ്‌സുമാരെയാണ് പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തില്‍ ആദരിച്ചത്. പഞ്ചായത്തിലെ കുടുംബാരോഗ്യ കേന്ദ്രത്തിലെ സ്റ്റാഫ് നഴ്‌സുമാര്‍ ഉള്‍പ്പടെ 55 നേഴ്‌സുമാര്‍ , 10 ജൂനിയര്‍ പബ്ലിക് നഴ്‌സുമാര്‍, ഒരു പാലിയേറ്റീവ് നഴ്‌സ് എന്നിവര്‍ക്ക് ധനകാര്യ മന്ത്രി ഡോ. ടി എം തോമസ് ഐസക്ക് സര്‍ട്ടിഫിക്കറ്റും ഫലകവും നല്‍കി.

കേരളത്തിന്റെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ലോകം മുഴുവന്‍ അംഗീകരിച്ചിരിക്കുകയാണെന്ന് മന്ത്രി തോമസ് ഐസക് പറഞ്ഞു. രണ്ടു വര്‍ഷത്തിനിടയില്‍ സംസ്ഥാനത്ത് 2000 ന് മുകളില്‍ നഴ്‌സുമാര്‍ക്ക് സര്‍ക്കാര്‍ നിയമനം നല്‍കി. എന്നാല്‍ സ്വകാര്യ മേഖലയില്‍ നഴ്‌സുമാര്‍ക്ക് അവര്‍ അര്‍ഹിക്കുന്ന വേതനം ഇപ്പോഴും ലഭിക്കുന്നില്ല എന്നത് ദുഃഖകരമാണെന്ന് മന്ത്രി പറഞ്ഞു. കേരളത്തിനു പുറത്ത് അവശ്യം വേണ്ട ആരോഗ്യരക്ഷാ മാര്‍ഗ്ഗങ്ങള്‍ പോലുമില്ലാതെയാണ് നഴ്‌സുമാര്‍ പ്രവര്‍ത്തിക്കുന്നത്. 2016 വരെ വിദ്യാഭ്യാസ വായ്പ എടുത്തവരുടെ കുടിശ്ശിക ഇളവ് വരുത്തുന്നതിന് സര്‍ക്കാര്‍ നല്‍കുന്ന ആനുകൂല്യം കേരളത്തിന് പുറത്ത് പഠിച്ച നഴ്‌സുമാര്‍ക്കു കൂടി ലഭ്യമാക്കിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. നഴ്‌സിങ് വിദ്യാര്‍ഥികള്‍ക്ക് മാത്രമാണ് ഈ ആനുകൂല്യം സര്‍ക്കാര്‍ നല്‍കിയത്. കോവിഡിന് ശേഷമുള്ള കാലം നഴ്‌സുമാര്‍ക്കും ഡോക്ടര്‍മാര്‍ക്കും കൂടുതല്‍ അവസരം നല്‍കും. പുറംരാജ്യങ്ങളില്‍ ജോലി ലഭിക്കുന്നതിന് പ്രാപ്തരാക്കാന്‍ ഇവിടെ 25,000 നഴ്‌സുമാര്‍ക്ക് ഫിനിഷിംഗ് സ്‌കൂള്‍ സൗകര്യം സര്‍ക്കാര്‍ ഒരുക്കുമെന്നും മന്ത്രി പറഞ്ഞു.

കഞ്ഞിക്കുഴി പഞ്ചായത്തിലെ എല്ലാ വീടുകളിലെയും ആളുകളുടെ രക്തസമ്മര്‍ദ്ദം, പ്രമേഹം തുടങ്ങിയവ രേഖപ്പെടുത്തിയിട്ടുണ്ട്. ഇത് എത്രയും വേഗം ഡിജിറ്റിലൈസ് ചെയ്യാന്‍ മന്ത്രി നിര്‍ദ്ദേശിച്ചു. വരും നാളുകള്‍ റിവേഴ്‌സ് ക്വാറന്റൈനിന്റേതാണെന്ന് മന്ത്രി പറഞ്ഞു. പ്രായമായവരെയും രോഗമുള്ളവരെയും കണ്ടെത്തി വീട്ടിലിരുത്തണം. ഇതിന് പഞ്ചായത്ത് വഴി എല്ലാ വീടുകളിലും കത്ത് നല്‍കാനും മന്ത്രി നിര്‍ദ്ദേശിച്ചു

Leave a Reply

Your email address will not be published. Required fields are marked *