തൃശൂര്‍ : നിരഞ്ജനും നിര്‍മ്മലിനും സോപ്പുനിര്‍മ്മാണം ഒരു കുട്ടിക്കളിയല്ല. സോപ്പുണ്ടാക്കി വിറ്റ് കിട്ടുന്ന ലാഭവിഹിതം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്കി നാടിന് മാതൃകയാവുകയാണ് ഈ കുട്ടികള്‍. കയ്പമംഗലം ഗവ.ഫിഷറീസ് സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായ നിരഞ്ജനും സഹോദരന് പെരിഞ്ഞനം ഗവ.യു.പി.സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായ നിര്‍മ്മലും ലോക്ക് ഡൗണ്‍ കാലത്തെ ബോറടി മാറ്റാനാണ് സോപ്പ് നിര്‍മ്മിച്ചു തുടങ്ങുന്നത്.
നിര്‍മ്മാണം വിജയകരമായതോടെ മറ്റ് കുട്ടികള്‍ക്ക് സോപ്പ് നിര്‍മ്മാണം പരിചയപ്പെടുത്താന്‍ സ്വന്തമായി ഒരു യൂട്യൂബ് ചാനലും തുടങ്ങി. ‘ക്ണാപ്പ്’. രസകരമായ പേരിന് പിന്നില്‍ ‘know the needs of all people’ എന്ന വാക്കാണ്. ബോറടി മാറ്റാന്‍ തുടങ്ങിയതാണെങ്കിലും സോപ്പ് വിറ്റ് കിട്ടുന്ന പണം എത്ര ചെറുതാണെങ്കിലും ദുരിതാശ്വാസനിധിയിലേക്ക് നല്കാന് തീരുമാനിക്കുകയായിരുന്നു.
പെരിഞ്ഞനം ഗവ.യു.പി.സ്കൂളിലെ അധ്യാപകനായ ദിനകരന്റേയും അമ്മ ആരോഗ്യ പ്രവര്‍ത്തക സീമയുടെയും പിന്തുണ കിട്ടിയതോടെ വില്‍പ്പനയ്ക്കായി സോപ്പുകളെല്ലാം ബാലസംഘം പെരിഞ്ഞനം പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികള്‍ക്ക് നല്കി. പെരിഞ്ഞനം ബാലസംഘം സെക്രട്ടറി പ്രിയദര്‍ശിനി, പഞ്ചായത്ത് കോഡിനേറ്റര്‍ ശ്രീപ്രിയ, അമല്‍നാഥ്, ബ്ലസ്സി, ആയുഷ്, ആകാശ്, ആഗ്നേയ എന്നിവര്‍ ചേര്‍ന്നാണ് സോപ്പ് ഏറ്റുവാങ്ങിയത്.