കൊല്ലം നഗരത്തിലെ വ്യാപാര സ്ഥാപനങ്ങളിൽ ജില്ലാ കലക്ടറുടെ നിർദേശ പ്രകാരം മിന്നൽ പരിശോധന. ലോക്ക് ഡൗൺ നിയന്ത്രണങ്ങളുടെ ഇളവിന്റെ പശ്ചാത്തലത്തിൽ വ്യാപര സ്ഥാപനങ്ങൾ കോവിഡ് പ്രോട്ടോകോൾ പാലിക്കാതെ പ്രവർത്തിക്കുന്നുവെന്ന പരാതികളുടെ അടിസ്ഥാനത്തിലായിരുന്നു വിവിധ വകുപ്പുകളുടെ സംയുക്ത പരിശോധന.
150 ഓളം കടകൾ പരിശോധിച്ചതിൽ രണ്ട് കടകളുടെ പ്രവർത്തനാനുമതി താത്കാലികമായി നിർത്തി. വിവിധ വ്യാപാര സ്ഥാപനങ്ങളിൽ നിന്നായി 30,000 രൂപ പിഴയും ചുമത്തി.
ജില്ലാ ലോക്ക് ഡൗൺ നോഡൽ ഓഫീസറായ ഡെപ്യൂട്ടി കലക്ടർ ആർ സുമീതൻ പിള്ളയാണ് പരിശോധനയ്ക്ക് നേതൃത്വം നൽകിയത്. കോവിഡ് പ്രോട്ടോക്കോൾ ശരിയായ രീതിയിൽ പാലിക്കാതെ കൂടുതൽ സ്റ്റാഫുകളെ നിയോഗിച്ചിട്ടുള്ള സ്ഥാപനങ്ങൾ, സാനിറ്റൈസർ കരുതാത്ത സ്ഥാപനങ്ങൾ, മാസ്ക് ധരിക്കാതെയും ആവശ്യമായ ക്രമീകരണങ്ങൾ നടത്താതെയും പ്രവർത്തിച്ച സ്ഥാപനങ്ങൾ, കൈ കഴുകാനുള്ള സോപ്പ് വെള്ളം എന്നിവ സജ്ജീകരിച്ചിട്ടില്ലാത്ത സ്ഥാപനങ്ങൾ എന്നിവയ്ക്കെതിരെയായിരുന്നു നടപടി്. ജീവനക്കാർ മാസ്ക്ക് ധരിക്കാത്തതായി കണ്ടെത്തിയ രണ്ട് കടയുടമകൾക്കെതിരെ പിഴ ചുമത്തി. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ കൂടുതൽ ജീവനക്കാരെ ഉൾപ്പെടുത്തി പ്രവർത്തിപ്പിച്ച വ്യാപാര സ്ഥാപനങ്ങൾക്കെതിരെ ഈസ്റ്റ് പോലീസ് കേസ് രജിസ്റ്റർ ചെയ്തു. മെഡിക്കൽ ഷോപ്പ് പരിശോധയിൽ കണ്ടെത്തിയ അപാകതകളുടെ അടിസ്ഥാനത്തിൽ പിഴ ഈടാക്കൽ ഉൾപ്പെടെയുളള നിയമാനുസൃത നടപടികൾ സ്വീകരിക്കാൻ അസിസ്റ്റന്റ് ഡ്രഗ് കൺട്രോളർക്ക് നിർദേശം നൽകി.
കോവിഡ് പ്രോട്ടോക്കോൾ/ബ്രേക്ക് ദ ചെയിൻ ലംഘനം തുടർ പരിശോധനയിൽ ശ്രദ്ധയിൽപ്പെടുന്ന പക്ഷം ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്യുന്നത് ഉൾപ്പെടെയുളള തുടർ നടപടികൾ സ്വീകരിക്കും. വരും ദിവസങ്ങളിൽ മിന്നൽ പരിശോധന കർശനമാക്കുമെന്നും താലൂക്ക് തലങ്ങളിലേക്കും റെയ്ഡുകൾ വ്യാപിപ്പിക്കുമെന്നും ജില്ലാ കലക്ടർ അറിയിച്ചു.