ലോക്ക് ഡൗൺ നിർദേശങ്ങൾ ലംഘിച്ച് കർണാടക മുൻ മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമിയുടെ മകനും ചലച്ചിത്രതാരവുമായ നിഖിൽ ഗൗഡയുടെ വിവാഹം നടത്തിയ സംഭവത്തിൽ വിശദീകരണം തേടി കർണാടക ഹൈക്കോടതി. ഏത് സാഹസാഹര്യത്തിലാണ് നിഖിൽ ഗൗഡയുടെ വിവാഹത്തിന് അനുമതി നൽകിയതെന്ന് സർക്കാർ വ്യക്തമാക്കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു. വിശദാംശങ്ങൾ നൽകാൻ സർക്കാർ മടിക്കുന്നതെന്തിനാമെന്നും കോടതി ചോദിച്ചു. വിവാഹത്തിൽ പങ്കെടുക്കാൻ എത്ര വാഹനങ്ങൾക്ക് പാസ് നൽകിയരുന്നുവെന്ന ചോദ്യത്തിനും മറുപടിയില്ലായിരുന്നു. ചിലർക്കുമാത്രം ഈ സമയയം ഇളവ് നൽകുന്നു എന്ന തെറ്റായ സന്ദേശം സമൂഹത്തിൽ പ്രചരിക്കുമെന്നും കോടതി വ്യക്തമാക്കി.
ഏപ്രിൽ പതിനേഴിനായിരുന്നു നിഖിൽ ഗൗഡയുടെ വിവാഹം നടന്നത്. ബംഗളൂരുവിലെ രാമനഗരയിലെ ഒരു ഫാം ഹൗസിൽ വച്ചാണ് വിവാഹ ചടങ്ങുകൾ സംഘടിപ്പിച്ചത്. 30-40 കാറുകളിലായി നൂറിലേറെ പേരാണ് വിവാഹ വേദിയിൽ തടിച്ചുകൂടിയത്. വിവാഹത്തിൽ പങ്കെടുത്തവർ സമൂഹിക അകലം പാലിച്ചിരുന്നില്ല. മുഖാവരണവും, ഗ്ലൗസും ധരിച്ചുമില്ല. സംഭവത്തിൽ നടപടി സ്വീകരിക്കുമെന്ന് കർണാടക ഉപമുഖ്യമന്ത്രി അശ്വത് നാരായണൻ പറഞ്ഞിരുന്നു. എന്നാൽ കുമാരസ്വാമിയെ ന്യായീകരിക്കുന്ന നിലപാടാണ് മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ സ്വീകരിച്ചത്.