അസംഘടിത മേഖലയ്ക്കായി അഖിലേന്ത്യാ തലത്തിൽ 10,000 കോടിയുടെ ”മൈക്രോ ഫുഡ് പ്രോസസ്സിംഗ് എന്റർപ്രൈസസ് (എഫ്എംഇ) എന്ന പുതിയ കേന്ദ്രാവിഷ്കൃത പദ്ധതിക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. ഒമ്പതുലക്ഷത്തിലധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ ഈ പദ്ധതിലൂടെ സാധിക്കും. എട്ടുലക്ഷത്തോളം ചെറുകിട യൂണിറ്റുകൾക്ക് ഈ പദ്ധതി വളരെയധികം പ്രയോജനം ചെയ്യും.
ഭക്ഷ്യഗുണനിലവാരം മെച്ചപ്പെടുത്താനും വനിതസംരംഭകർക്കും അസംഘടിത മേഖലയിലുളളവർക്കും തൊഴിലവസരങ്ങൽ സൃഷ്ടിക്കാനും ലക്ഷ്യമിട്ടുകൊണ്ടുള്ളതാണ് പദ്ധതി. മൈക്രോ ഫുഡ് പ്രോസസ്സിംഗ് സംരംഭങ്ങൾക്കായുള്ള പദ്ധതിക്ക് കേന്ദ്രവും സംസ്ഥാനവും തമ്മിൽ 60:40 അനുപാതത്തിൽ ധനസഹായം നൽകും.രജിസ്റ്റർ ചെയ്യാത്ത 25 ലക്ഷത്തോളം ഭക്ഷ്യ സംസ്കരണ സംരംഭങ്ങളുണ്ട്. ഈ യൂണിറ്റുകളിൽ 66 ശതമാനവും ഗ്രാമപ്രദേശങ്ങളിലാണ്, അവയിൽ 80 ശതമാനവും കുടിൽവ്യവസായങ്ങളാണ്. നിരവധി വെല്ലുവിളികൾ ഇത്തരം സരംഭങ്ങൾ നേരിടുന്നുണ്ട്. ഇവർക്ക് വ്യവസായ പുരോഗതി കൈവരിക്കുവാൻ പ്രാപ്തമാക്കുക എന്ന ലക്ഷ്യത്തോടെയുള്ള പദ്ധതിയാണ് എഫ് എം ഇ.