ലോക്ഡൗൺ കുറേപാഠങ്ങൾ പഠിപ്പിച്ചു. അതിലേറ്റവും വിലയ പാഠമാണ് നിസ്സാരമായിക്കണ്ടിരുന്ന അടുക്കളത്തോട്ടങ്ങളുടെ പ്രാധാന്യം മലയാളിക്ക് സമ്മാനിച്ചത്. കുറച്ച് സമയം മാറ്റിവച്ചാൽ ഇത്തവണ ഓണസദ്യക്കുള്ള വിഭവങ്ങൾ സ്വന്തം തോട്ടത്തിൽനിന്നുമാകാം.
വഴുതന വിളകളായ വഴുതന, തക്കാളി, പച്ചമുളക് എന്നീ ഇനങ്ങളാണ് പാകി നിർത്തേണ്ടത്. ഗ്രോബാഗിലോ ചാക്കിലോ വിത്തുകൾ പാകണം. വിത്ത് പാകാനായി നടിൽ മിശ്രിതം തയ്യാറാക്കുമ്പോൾ ചകിരിച്ചോറും ചാണകപ്പൊടിയും തുല്യ അളവിൽ ചേർക്കണം. മണ്ണിന്റെ അളവ് കുറച്ച് മതി. അല്ലങ്കിൽ നഴ്സറികളിൽ നിന്ന് തൈ പാകാനായി പോർട്ടിങ് മിശ്രിതം വാങ്ങി ഉപയോഗിക്കാം. ഇപ്പോൾ പാകി നിർത്തിയാൽ വലിയ മഴ മാറുമ്പോഴെക്കും തൈ വലുതാകും, ഇത് പറിച്ച് നട്ടാൽ ഓണക്കാലത്തെക്ക് പച്ചക്കറിയാകും.
ഓണക്കാലത്ത് അത്യാവശ്യം വേണ്ട വിളകൾ
വെണ്ട
വെണ്ടയില്ലാതെ സാമ്പാർ തയാറാക്കാൻ പറ്റില്ല. ഓണക്കാലത്ത് ഏറ്റവും ആവശ്യവും വിലയും കിട്ടുന്ന പച്ചക്കറികളിൽ ഒന്നാണ് വെണ്ട. ഏത് കാലാവസ്ഥയിലും നല്ല വിളവ് തരുന്ന ഒരു ഇനമാണ്. വെണ്ട നട്ട് 45 – 50 ദിവസങ്ങൾ കൊണ്ട് തന്നെ വിളവ് തന്ന് തുടങ്ങും. ചെടികൾ തമ്മിൽ മൂന്ന് അടിയെങ്കിലും അകലം നൽകണം. നരപ്പ് രോഗം, ഇലചുരുട്ടിപ്പുഴു, ഇലപ്പുള്ളി രോഗം എന്നിവയാണ് വെണ്ടയെ ബാധിക്കുന്ന പ്രധാന ഇനങ്ങൾ. ഇവയെ പ്രതിരോധിക്കാൻ പറ്റിയ ഇനങ്ങൾ തെരഞ്ഞെടുക്കുക, തുടക്കത്തിൽ തന്നെ ജൈവ കീടനാശിനികൾ പ്രയോഗിക്കുക. അർക്ക, അനാമിക, ആനക്കൊമ്പൻ, അരുണ (ചുവന്നയിനം), സുപ്രീം ്രൈപം (മാഹികോ) എന്നിവ നന്നായി വിളവ് തരുകയും രോഗങ്ങളെ പ്രതിരോധിക്കുകയും ചെയ്യുന്ന ഇനങ്ങളാണ്.
മുളക്, വഴുതന, തക്കാളി
ഇവ മൂന്നും ഏകദേശം ഒരേ വർഗത്തിൽപ്പെട്ടതും വിത്ത് പാകി പറിച്ചു നടുന്ന ഇനങ്ങളുമാണ്. ഈ മൂന്ന് ഇനങ്ങളും വാട്ടരോഗത്തിനെതിരേ മുൻ കരുതൽ എടുക്കേണ്ടവയുമാണ്. കുമ്മായപ്രയോഗം, ്രൈടക്കോഡെർമ്മയാൽ സമ്പൂഷ്ടീകരിച്ച ചാണകപ്പൊടി എന്നിവയിട്ടു വേണം വിത്ത് പാകാനും തൈ പറിച്ച് നടാനും. സ്യൂഡോമോണസ് 5 grm ഒരു ലിറ്റർ വെള്ളത്തിൽ കലക്കി രണ്ടാഴ്ചയിലൊരിക്കൽ തടത്തിൽ ഒഴിച്ച് കൊടുക്കുന്നത് വാട്ട രോഗത്തെ തടയാൻ സഹായിക്കും. സിയാര, ബുള്ളറ്റ്, ഉജ്ജ്വല, മഞ്ജരി, ജ്വാലാമുഖി, അനുഗ്രഹ, വെള്ളക്കാന്താരി എന്നിവയാണ് അടുക്കളത്തോട്ടത്തിൽ നടാൻ പറ്റിയ മുളക് ഇനങ്ങൾ. അനഘ, അർക്ക, രക്ഷക്, മനുപ്രഭ എന്നിവയാണ് കേരളത്തിന്റെ കാലാവസ്ഥയ്ക്ക് അനുയോജ്യമായ തക്കാളി ഇനങ്ങൾ. വഴുതനയിൽ സൂര്യ, ശ്വേത, നീലിമ, ഹരിത കൂടാതെ നല്ല പ്രതിരോധ ശക്തിയുള്ള നാടൻ ഇനങ്ങളും നടാൻ ഉപയേഗിക്കാം. മുളക്, വഴുതന, തക്കാളി എന്നിവയുടെ തൈകൾ പറിച്ച് നടുമ്പോൾ മൂന്ന് അടിയെങ്കിലും അകലം പാലിക്കണം. പരിപാലനത്തിനും ചെടികൾ തമ്മിൽ കൂട്ടിമുട്ടാതിരിക്കാനും ഈ അകലം ഗുണം ചെയ്യും. പാകി നിർത്തിയിരിക്കുന്ന വഴുതന, തക്കാളി, പച്ചമുളക്, കാന്താരിമുളക് എന്നിവ വലിയ മഴ മാറുന്നതോടെ മാറ്റി നടാം.
വള്ളിപ്പയർ
വർഷത്തിൽ ഏതു സമയത്തും പയർ കൃഷി ചെയ്യാം. നാടനും ഹൈബ്രിഡുമായി പയറിൽ ധാരാളം ഇനങ്ങളുണ്ട്. ചിത്രകീടം, ചാഴി, കായ്തുരപ്പൻ പുഴുക്കൾ, മൊസേക് രോഗം എന്നിവയെ കരുതിയിരിക്കണം. നട്ട് 55-60 ദിവസം കൊണ്ട് വിളവെടുക്കാം. ലോല, ജ്യോതിക, ശാരിക, എൻ.എസ്. 621, ബബ്ലി, റീനു, ഭോല, പുട്ടി സൂപ്പർ, സുമന്ത്, മൊണാർക്ക്, വി.എസ്. 13, ഷെഫാലി എന്നിവ നല്ല ഇനങ്ങളാണ്. വളളി വീശി തുടങ്ങുമ്പോഴെ പന്തലിലേയ്ക്കോ, കമ്പ് നാട്ടിയോ പടർത്തി കൊടുക്കാൻ അവസരം ഒരുക്കണം. ഇനി മഴയുടെ ശക്തി കുറയുന്നതോടെ പയർ നട്ടാൽ മതി.
മത്തൻ, കുമ്പളം
മത്തനും കുമ്പളവും ഓണ സദ്യയ്ക്ക് നിരവധി വിഭവങ്ങൾ ഉണ്ടാക്കാൻ ഉപയോഗിക്കുന്നതാണ്. മെയ് അവസാനത്തോടെ കിട്ടുന്ന പുതു മഴയോടെ മത്തനും ഇളവനും തടാം. നന്നായി പരിപാലിച്ചാൽ നട്ട് 90 ദിവസം കൊണ്ട് വിളവെടുക്കാം. വരികൾ തമ്മിൽ നാലരമീറ്ററും വരികളിലെ ചെടികൾ തമ്മിൽ രണ്ടു മീറ്ററും അകലവും പാലിക്കണം. മത്തൻ വള്ളികൾക്ക് യഥേഷ്ടം പടർന്ന് പോകാനുള്ള വഴി ഒരുക്കണം.
വളപ്രയോഗം
മേൽ പറഞ്ഞ എല്ലാ ചെടികൾക്കും നാലില പ്രായം മുതൽ പുളിപ്പിച്ച ചാണകം കടലപ്പിണ്ണാക്ക്, കോഴിവളം, ചാരം, പച്ചില കമ്പോസ്റ്റ് എന്നിവ വളമായി നൽകാം. ഇവ ഏറെ വളർച്ചക്ക് ഗുണം ചെയ്യും. രണ്ടാഴ്ച്ച കൂടുമ്പോൾ വളപ്രയോഗം നടത്തണം. ഫിഷ് അമിനോ ആസിഡ് ചെടികൾക്ക് വളർച്ചാ ഉത്തേജകമാണ്. ഇതു ചെടികളിൽ തളിക്കുകയും ചുവട്ടിൽ ഒഴിച്ചു കൊടുക്കുകയും ചെയ്യാം. കീടങ്ങളെ കുടുക്കാൻ കെണികളും മറ്റ് ജൈവ മാർഗങ്ങളും യഥാ സമയങ്ങളിൽ സ്വീകരിക്കണം.