സമൂഹവ്യാപന സാധ്യത: കൂടുതല്‍ ജാഗ്രത വേണം മന്ത്രി എ.കെ.ബാലന്‍

പാലക്കാട് : അതിര്‍ത്തി ജില്ല എന്ന നിലയില്‍ പാലക്കാട്ടില്‍  കോവിഡ്19 നുമായി ബന്ധപ്പെട്ട് കൂടുതല്‍ ഇടപെടലും ബോധവല്‍ക്കരണവും ആവശ്യമാണെന്ന് മന്ത്രി എ.കെ.ബാലന്‍

ജില്ലയില്‍  പൊതുഗതാഗതം ശക്തിപ്പെട്ടാല്‍ രോഗവ്യാപന സാധ്യത കൂടും. നാല് ദിവസം കൊണ്ട് ജില്ലയില്‍ 32 കോവിഡ്19 കേസുകള്‍ വര്‍ദ്ധിച്ചിരിക്കുന്നത് സമൂഹവ്യാപന സാധ്യതയ്ക്കുള്ള ആശങ്കയുണ്ടാക്കുന്നതായി മന്ത്രി  പറഞ്ഞു. ആരോഗ്യപ്രവര്‍ത്തകര്‍ക്കും മറ്റും സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചിരിക്കുന്നത് സമൂഹവ്യാപനത്തിന്റെ ലക്ഷണമാണ്. മറ്റുസംസ്ഥാനങ്ങളില്‍ നിന്നും 95 ശതമാനം ആളുകളും അതിര്‍ത്തി കടന്നെത്തിയിരിക്കുന്നത് ജില്ല വഴിയാണ്. രോഗലക്ഷണമില്ലാതെയാണ് നിരവധി പേര്‍ വന്നിരിക്കുന്നത്. ചെറിയ രീതിയിലുള്ള സമ്പര്‍ക്കത്തിലൂടെ പോലും ചെക്‌പോസ്റ്റുകളില്‍ രോഗം പകര്‍ന്നിട്ടുണ്ട്.

ഒന്നാംഘട്ടത്തിലും രണ്ടാംഘട്ടത്തിലും നടപ്പിലാക്കിയിട്ടുള്ള നിയന്ത്രണങ്ങള്‍ മൂന്നാംഘട്ടത്തില്‍ സാധ്യമാവണമെന്നില്ല. പൊതുജനങ്ങള്‍ സ്വയം മനസിലാക്കി സഹകരിക്കേണ്ട ഘട്ടമാണിത്. വീടുകളില്‍ നിരീക്ഷണത്തില്‍ ഇരിക്കേണ്ടവര്‍ പലപ്പോഴും അത് പാലിക്കുന്നില്ല. പഞ്ചായത്ത് തലത്തിലുള്ള നിരീക്ഷണ കമ്മിറ്റി ഫലപ്രദമായി ഇടപെട്ട് നിയന്ത്രണങ്ങള്‍ ശക്തിപ്പെടുത്തണം.

പ്രവാസികളുടെ കാര്യത്തില്‍ ഫലപ്രദമായ നിരീക്ഷണ സംവിധാനങ്ങള്‍ ഉണ്ട്. എന്നാല്‍ അന്യസംസ്ഥാനത്തു നിന്നും വരുന്നവരുടെ കാര്യത്തില്‍ ഇത് ഫലപ്രദമല്ല. ഇവര്‍ സ്വമേധയാ നിയന്ത്രണങ്ങളും നിര്‍ദ്ദേശങ്ങളും പാലിച്ചില്ലെങ്കില്‍ സമൂഹവ്യാപനസാധ്യത ഉണ്ടാകുന്ന ആദ്യ ജില്ലയായി പാലക്കാട് മാറുമെന്ന് മനസിലാക്കണമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രസര്‍ക്കാരിന്റെ മിനിസ്ട്രി ഓഫ് ഹോം അഫയേഴ്‌സിന്റെ നിര്‍ദ്ദേശങ്ങളും സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദ്ദേശങ്ങളും ശക്തിപ്പെടുത്തുന്നതിനായാണ് ജില്ലയില്‍ 144 പ്രഖ്യാപിച്ചത്. സംസ്ഥാനത്ത് 144 പ്രഖ്യാപിക്കുന്ന ആദ്യ ജില്ലയാണ് പാലക്കാട്.

Leave a Reply

Your email address will not be published. Required fields are marked *