വയോജന ക്ലബ്ലുമായി രാജകുമാരി

ഇടുക്കി : മുതിര്‍ന്ന പൗരന്‍മാര്‍ക്കു മാനസികോല്ലാസത്തിനു വേണ്ടി രാജകുമാരി ഗ്രാമപഞ്ചായത്തില്‍ പകല്‍വീട്  വയോജന വിശ്രമ കേന്ദ്രം ആരംഭിച്ചു. 60 വയസിനു മുകളിലുള്ളവര്‍ക്ക് ഒഴിവുസമയങ്ങളില്‍ ഒത്തുകൂടാന്‍ ഇവിടെ സൗകര്യമുണ്ട്.  ചെസ്സ്, ക്യാരംസ് മുതലായ വിനോദോപാധികളും ടെലിവിഷനും പത്രമാസികകളും ക്ലബ്ബില്‍ സജ്ജീകരിച്ചിട്ടുണ്ട്.

വയോജന ക്ഷേമത്തിന് പ്രാധാന്യം നല്‍കിയായിരിക്കും ക്ലബിന്റെ പ്രവര്‍ത്തനം. ലോക്ക് ഡൗണിന് ശേഷം പൂര്‍ണ്ണമായി പ്രവര്‍ത്തനം തുടങ്ങുന്ന ക്ലബ്ബില്‍ പഞ്ചായത്തിലെ എല്ലാ മുതിര്‍ന്ന പൗരന്‍മാര്‍ക്കും സൗജന്യ  അംഗത്വം ലഭിക്കും. പകല്‍ 2 മണി മുതല്‍ വൈകിട്ട് 7 മണി വരെയാണ് വയോജന വിശ്രമ കേന്ദ്രത്തിന്റെ പ്രവര്‍ത്തനം. രാജകുമാരി യംഗ്‌സ്  മെന്‍സ് ക്ലബ് സൗജന്യമായി പഞ്ചായത്തിന് വിട്ടു നല്‍കിയ രണ്ട് സെന്റ്  സ്ഥലത്താണ് 20 ലക്ഷം മുതല്‍ മുടക്കില്‍ പഞ്ചായത്ത് പുതിയ കെട്ടിടം നിര്‍മിച്ചത്.

1975 ല്‍ 48 യുവാക്കള്‍ ചേര്‍ന്നാണ് രാജകുമാരി യംഗ്‌സ് മെന്‍സ് ക്ലബ് തുടങ്ങിയത്. ക്ലബിന്  സ്വന്തമായി കെട്ടിടം വേണമെന്ന ആഗ്രഹത്തില്‍ 1975 ല്‍ 250 രൂപക്കാണ് ടൗണില്‍ സ്ഥലം വാങ്ങിയത്. പലകാരണങ്ങളാലും നിര്‍മ്മാണം നടക്കാതായതോടെ അന്നത്തെ  സ്ഥാപക അംഗങ്ങള്‍ സ്ഥലം സൗജന്യമായി പഞ്ചായത്തിന് കൈമാറി. പുതിയതായി നിര്‍മ്മിക്കുന്ന കെട്ടിടത്തില്‍ ഒരു മുറി വയോജനങ്ങള്‍ക്കായി നല്‍കണമെന്നും ആവശ്യപ്പെട്ടു. ആവശ്യം അംഗീകരിച്ച് സ്ഥലം ഏറ്റടുത്ത പഞ്ചായത്ത് ഇരു നില കെട്ടിടം നിര്‍മ്മിക്കുകയും ഒരു നിലയില്‍  വയോജന ക്ലബും  ആരംഭിച്ചു. 

Leave a Reply

Your email address will not be published. Required fields are marked *