ഇടുക്കി : ജൈവഗ്രാം ഫാര്‍മേഴ്സ് വെല്‍ഫെയര്‍ കോഓപ്പറേറ്റീവ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ കാര്‍ഷിക രംഗത്ത് സ്വയം പര്യാപ്തത ലക്ഷ്യംവച്ച് ‘ഹരിത ഭവനം’, ‘തളിരിടുന്ന തരിശിടങ്ങള്‍’ എന്നീ പദ്ധതികള്‍ക്ക് തുടക്കം കുറിച്ചു.
എല്ലാ സംസ്ഥാനങ്ങളും ദുരിതത്തിന്റെ വക്കിലാണ്. നമുക്കാവശ്യമായ ഭക്ഷ്യ വസ്തുക്കള്‍ കൊണ്ടുവരുന്ന അയല്‍ സംസ്ഥാനങ്ങളും കൊവിഡ് ദുരിതം നേരിടുന്നതിനാല്‍ നമ്മള് ഭക്ഷ്യ സ്വയംപര്യപ്തമാകണം. ഭൂമി തരിശ് കിടക്കാനിടയാകരുതെന്നും കൃഷി ചെയ്യാന്‍ ഉടമസ്ഥര്‍ക്ക് സാധ്യമല്ലെങ്കില്‍ താത്പര്യമുള്ള ഏജന്‍സികളെ ഏല്‍പ്പിക്കണമെന്നും പദ്ധതി ഉദ്ഘാടനം ചെയ്തുകൊണ്ട് എംഎല്‍എ റോഷി അഗസ്റ്റ്യന്‍ പറഞ്ഞു. ‘
കോവിഡ് രോഗത്തിന്റെ പശ്ചാത്തലത്തില്‍ അയല്‍ സംസ്ഥനാങ്ങളില് നിന്നുള്ള ഭക്ഷ്യഇറക്കുമതിയില് ഗണ്യമായ കുറവുണ്ടാകും. ഇത് മറികടക്കാന്‍ നാം ഭക്ഷ്യ സ്വയംപര്യാപ്തത കൈവരിക്കണമെന്നും, അതിനായാണ് സംസ്ഥാന സര്‍ക്കാര്‍ സുഭിക്ഷ കേരളം തുടങ്ങി നിരവധി പദ്ധതികള്‍ ആവിഷ്കരിച്ചിരിക്കുന്നതെന്നും ഇത്തരം പദ്ധതികളില്‍ എല്ലാവരും പങ്കാളികളാവണമെന്നും ജില്ലാ കളക്ടര്‍ ആവശ്യപ്പെട്ടു.
എല്ലാ വീടുകളിലും സര്‍ക്കാര്‍ ജീവനക്കാരുടെ ക്വാട്ടേഴ്സുകളിലും ജൈവപച്ചക്കറി കൃഷി വ്യാപനത്തിന് ഹരിതഭവനം പദ്ധതിയും, തരിശുഭൂമി കൃഷിയിടമാക്കുന്നതിനു ‘തളിരിടുന്ന തരിശിടങ്ങള്‍’ എന്ന പദ്ധതിയുമാണ് നടപ്പാക്കുന്നത്. പദ്ധതിക്കു മുന്നോടിയായി സമ്പര്‍ക്ക വിലക്ക് കാലത്ത് കൃഷി വകുപ്പുമായി സഹകരിച്ച് ‘വീട്ടിലിരിക്കാം വിത്തിടാം’ എന്ന ക്യാമ്പയിനിലൂടെ വിവിധ ഇനം പച്ചക്കറി വിത്തുകള്‍ വീടുകളിലെത്തിച്ചു നല്‍കിയിരുന്നു. പരിപാടിയോട് അനുബന്ധിച്ച് തെങ്ങിന് തൈ വിതരണവും, തങ്കമണി സര്‍വീസ് സഹകരണ ബാങ്ക് നടപ്പാക്കുന്ന മുട്ടക്കോഴി പദ്ധതിയുടെ ഉദ്ഘാടനവും നടന്നു.