ഇടുക്കി: ഇടുക്കി അണക്കെട്ടില്‍ 20 വർഷത്തിന് ശേഷം ജൂണിലെ ഏറ്റവും ഉയർന്ന ജലനിരപ്പ് ചൊവ്വാഴ്ച രേഖപ്പെടുത്തി. ജലനിരപ്പ് 2338 അടിയായി. ഇതിനുമുമ്പ് 2000 ജൂൺ രണ്ടിനായിരുന്നു ജലനിരപ്പ് ഇത്രയും ഉയർന്നത്. ഇതോടെ ഇടുക്കി അണക്കെട്ട് തുറക്കേണ്ടിവന്നാൽ പരിസരവാസികൾക്ക് ജാഗ്രതാ നിർദ്ദേശം നൽകാനുള്ള ആദ്യട്രയൽ സൈറൺ മുഴങ്ങി.
ചൊവ്വാഴ്ച പകൽ 11 .20 ഓടെയാണ് ആദ്യപരീക്ഷണമായി എട്ടുകിലോമീറ്ററെത്തുന്ന പുതിയ സൈറൺ മുഴങ്ങിയത്.ബുധനാഴ്ചയും ട്രയൽ സെെറൺ മുഴക്കും. ഡാമിന്റെ വിവിധ ഭാഗങ്ങളിൽ പുതിയ സൈറൺ ട്രയൽ നടത്തി ഏറ്റവും കൂടുതൽ ദൂരത്തേക്ക് ശബ്ദമെത്തുന്ന രീതിയിലായിരിക്കും ക്രമീകരിക്കുക. മൂലമറ്റത്ത് നാലാമത്തെ ജനറേറ്റർകൂടി ചൊവ്വാഴ്ച പ്രവർത്തനം തുടങ്ങി. ഇതോടെ വെെദ്യുതി ഉല്പാദനം 9.851 ദശലക്ഷം യൂണിറ്റായി ഉയർത്തി. പദ്ധതിപ്രദേശത്ത് 2.4 മില്ലിമീറ്റർ മഴ ലഭിച്ചു. ഇടുക്കി ഡാം ജലനിരപ്പിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജലനിരപ്പ് ഷട്ടർ ലെവലിലെത്താൻ 35 അടികൂടി വേണമെന്നും കലക്ടർ എച്ച് ദിനേശൻ അറിയിച്ചു. 2373 അടിയാണ് ജലസംഭരണിയുടെ ഷട്ടർലെവൽ. ഇതിൽനിന്ന് എട്ട് അടി താഴ്ചയിൽ 2365 അടിയിൽ ജലനിരപ്പ് ഉയരുമ്പോൾ നീല അലർട്ടും, 2371 അടിയിലെത്തുമ്പോൾ ഓറഞ്ച് അലർട്ടും, 2372 അടി ജലനിരപ്പ് ഉയരുമ്പോൾ റെഡ് അലർട്ടും പ്രഖ്യാപിക്കും.അണക്കെട്ടിൽ പരമാവധി സംഭരിക്കാവുന്നത് 2403 അടി ജലമാണ്.