കോംഗോ: കോവിഡ് 19 വൈറസ് ബാധയോടെ ലോകം ശക്തമായി പോരാട്ടം നടത്തുമ്പോള്‍ അതിനിടയില്‍ ആശങ്ക വര്‍ധിപ്പിച്ച് എബോള വൈറസ് വീണ്ടും പടിഞ്ഞാറന്‍ ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കോംഗോയില്‍(ഡി.ആര്.സി) ശക്തമായി പടരുന്നതായി കണ്ടെത്തി. ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമായത്.
നിലവില്‍ റിപ്പബ്ലിക്ക് ഓഫ് കോംഗോയുടെയും മധ്യ ആഫ്രിക്കന്‍ റിപ്പബ്ലിക്കിന്റെയും അതിര്‍ത്തിയിലുള്ള ഈ വലിയ പ്രദേശത്ത് ഇതിനോടകം തന്നെ 50ഓളം പേര്‍ക്ക് എബോള സ്ഥിരീകരിച്ചു. ജൂണ്‍ ഒന്നിനാണ് ഡി.ആര്.സിയില്‍ വീണ്ടും എബോള വൈറസ് ബാധ കണ്ടെത്തിയത്. 48 പേര്‍ക്ക് പ്രദേശത്ത് രോഗബാധ സ്ഥിരീകരിച്ചതായി ലോകാരോഗ്യസംഘടനയുടെ പകര്‍ച്ചവ്യാധി വിഭാഗത്തിലെ മൈക് റയാന് വ്യക്തമാക്കി. മൂന്ന് അധിക കേസുകള്‍ക്ക് സാധ്യതയുണ്ട്. ഇതുവരെ 20 പേര് എബോള ബാധിച്ച് മരിച്ചതായും ഈ മഹാമാരി വിതക്കുന്നത് വലിയ ആശങ്കയാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ സാധ്യതയുണ്ടെന്നും രോഗം വലിയ രീതിയില്‍ പകര്‍ന്നിട്ടുണ്ടെന്നും ലോകാരോഗ്യസംഘടനയും അറിയിച്ചു. ശക്തമായ പനിയും വയറിളക്കവുമാണ് എബോളയുടെ ലക്ഷണങ്ങള്‍. രോഗിയുമായുള്ള നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് വൈറസ് മറ്റുള്ളവരിലേക്ക് പകരുന്നത്.