കോട്ടയം: ജില്ലയില്‍ 13 പേര്‍ക്കു കൂടി കോവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതില്‍ ഏഴു പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതോടെ ജില്ല ഏറെ ആശങ്കയിലാണ്. സമ്പര്‍ക്കവ്യാപനം കൂടി വരുന്ന സാഹചര്യത്തില്‍ കൂടുതല്‍ ജാഗ്രത പാലിക്കേണ്ടിയിരിക്കുന്നുവെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.
ഇന്ന് രോഗം ബാധിച്ചതില്‍ രണ്ടു പേര് ആരോഗ്യ പ്രവര്‍ത്തകരാണ്. മൂന്നു പേര് മറ്റു സംസ്ഥാനങ്ങളില്‍ നിന്നും ഒരാള്‍ മസ്കറ്റില്‍ നിന്നും എത്തിയതാണ്. അതേസമയം അഞ്ചു പേര് രോഗമുക്തരായി. ഇതിനിടെ രണ്ടു രോഗികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ കോട്ടയം മെഡിക്കല്‍ കോളജ് ശസ്ത്രക്രിയാ വാര്‍ഡ് (11) അടച്ചു. ചേര്‍ത്തല, എറണാകുളം എന്നിവിടങ്ങളില്‍ നിന്ന് രണ്ടു പേരെ ശസ്ത്രക്രിയയ്ക്കായി ഇവിടെ പ്രവേശിപ്പിച്ചിരുന്നു. ഇവര്‍ക്ക് ഇന്നു കോവിഡ് സ്ഥിരീകരിച്ചു.
ഇവരുടെ തൊട്ടടുത്ത കട്ടിലില്‍ കിടന്ന രോഗികളെ ഐസലഷന്‍ വാര്‍ഡിലേക്കു മാറ്റി. ബാക്കിയുള്ള 55ലേറെ പേരെ വീടുകളിലേക്ക് 14ദിവസം ക്വാറന്റീനില്‍ കഴിയാന്‍ പറഞ്ഞുവിട്ടു. രോഗികളുമായി ബന്ധപ്പെട്ട ജീവനക്കാരെ കണ്ടെത്താന്‍ പരിശോധന നടത്തിവരുകയാണ്. ഇതില്‍ നിലവില്‍ ആറു ഡോക്ടര്‍മാരും 14 ആരോഗ്യ പ്രവര്‍ത്തകരും ക്വാറന്റീനില്‍ പ്രവേശിച്ചു.
*രോഗം സ്ഥിരീകരിച്ച – ആരോഗ്യപ്രവര്‍ത്തകര്‍
- വൈക്കം താലൂക്ക് ആശുപത്രിയിലെ ഫാര്‍മസിസ്റ്റായ വൈക്കം സ്വദേശി(31). നേരത്തെ രോഗം സ്ഥിരീകരിച്ചയാളുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉണ്ടായിരുന്നു.
- പാമ്പാടി താലൂക്ക് ആശുപത്രിയില്‍ സ്റ്റാഫ് നഴ്സായ കാഞ്ഞിരപ്പള്ളി സ്വദേശി(31). കൊറോണ സാമ്പിള്‍ ശേഖരിക്കുന്ന ജോലി ചെയ്തിരുന്നു.
*സമ്പര്‍ക്കം മുഖേന ബാധിച്ചവര്‍
- വൈക്കം സ്വദേശിനി(63). മറവന്തുരുത്തിലെ ബേക്കറിയുടമ. എറണാകുളത്ത് രോഗം സ്ഥിരീകരിച്ചയാള്‍ ഇവരുടെ ബേക്കറിയില്‍ എത്തിയിരുന്നു.
- വൈക്കം ടിവി പുരം സ്വദേശിനി(38). ആലപ്പുഴ എഴുപുന്നയിലെ ഭക്ഷ്യ സംസ്കരണ ശാലയില്‍ ജോലി ചെയ്യുന്നു.
- എറണാകുളത്ത് പൊലീസില്‍ ജോലി ചെയ്യുന്ന ടി.വി പുരം സ്വദേശി(44). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
- ഉദയനാപുരം സ്വദേശി(37) നേരത്തെ രോഗം സ്ഥിരീകരിച്ചയാളുടെ സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നു.
- പത്തനംതിട്ടയില്‍ രോഗം സ്ഥിരീകരിച്ച മാലം സ്വദേശിയായ ഡോക്ടറുടെ സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ട തലയാഴം സ്വദേശി(52)
- നേരത്തെ രോഗം സ്ഥിരീകരിച്ച വെച്ചൂര്‍ സ്വദേശിനിയുടെ ഭര്‍തൃമാതാവ്(68). പത്തനം തിട്ടയില്‍ രോഗം സ്ഥിരീകരിച്ച ഡോക്ടറുടെ സെക്കന്‍ഡറി കോണ്ടാക്ട് പട്ടികയില്‍ ഉണ്ടായിരുന്നു.
- ചങ്ങനാശേരി വാഴപ്പള്ളി സ്വദേശി(41). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
- മറ്റു സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവര്‍
- ഹൈദരാബാദില്‍നിന്ന് ജൂലൈ മൂന്നിന് എത്തി കറുകച്ചാലിലെ നിരീക്ഷണ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന മാടപ്പള്ളി സ്വദേശിനിയായ ആരോഗ്യ പ്രവര്‍ത്തക(22).
- ജൂലൈ അഞ്ചിന് മുംബൈയില്‍നിന്നെത്തി ഹോം ക്വാറന്റീനില്‍ കഴിഞ്ഞിരുന്ന കറുകച്ചാല്‍ സ്വദേശി(58).
- ഹരിയാനയില്‍നിന്ന് ജൂലൈ അഞ്ചിന് എത്തി ഹോം ക്വാറന്റീനില്‍ കഴിഞ്ഞിരുന്ന ടിവിപുരം സ്വദേശിനിയായ ആരോഗ്യപ്രവര്‍ത്തക(34).
- വിദേശത്ത് നിന്ന് എത്തിയവര്‍
- ജൂണ്‍ 29ന് മസ്കറ്റില്‍ നിന്നെത്തി ഹോം ക്വാറന്റയിനില്‍ കഴിഞ്ഞിരുന്ന മാടപ്പള്ളി സ്വദേശി(60).