ഒമാന്‍: അറക്കടലില് രൂപപ്പെട്ട ന്യൂനമര്‍ദം ഒമാന്‍ തീരത്തേക്ക് നീങ്ങുന്നതിനാല്‍ ഒമാനില്‍ കനത്ത മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ദോഫാര്‍, അല്‍വുസ്ത, തെക്കന്‍ ശര്‍ഖിയ മേഖലകളിലാണ് കനത്ത മഴക്ക് സാധ്യത.
വെള്ളിയാഴ്ച മുതല്‍ തിങ്കളാഴ്ച വരെ ഇടിയോടെയുള്ള കനത്ത മഴക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. ശക്തമായ കാറ്റും ഉണ്ടാകാനിടയുണ്ട്. കാറ്റിന്റെ ഫലമായി മരുഭൂമിയിലും തുറസായ പ്രദേശങ്ങളിലും പൊടിക്കാറ്റിനും സാധ്യതയുള്ളതിനാല്‍ വാഹനയാത്രികര്‍ ജാഗ്രത പാലിക്കണം. താഴ്ന്ന പ്രദേശങ്ങളില്‍ നിന്ന് മാറി നില്‍ക്കുകയും വാദികള്‍ മുറിച്ചുകടക്കുകയും ചെയ്യരുതെന്നും അധികൃതര്‍ നിര്‍ദേശിച്ചു.