തിരുവനന്തപുരം: സംസ്ഥാനത്തെ ആദ്യ പ്ലാസ്മാ ബാങ്ക് മഞ്ചേരി മെഡിക്കല്‍ കോളേജില്‍ പ്രവര്‍ത്തനം ആരംഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന് വാര്‍ത്താസമ്മളനത്തില്‍ അറിയിച്ചു. കൊവിഡിനെ ചെറുക്കുന്ന ആന്റിബോഡി, രോഗം ഭേദമായവരുടെ രക്തത്തില്‍ നിന്ന് വേര്‍തിരിച്ചെടുത്ത് കൊവിഡ് രോഗികളെ ചികിത്സിക്കാന്‍ ഉപയോഗിക്കും. കോവിഡ് ബാധിച്ച് അതീവ ഗുരുതരാവസ്ഥയിലായിരുന്ന രണ്ട് പേര് കൂടി പ്ലാസ്മ ചികിത്സയിലൂടെ രോഗമുക്തി നേടി. ഇവര്‍ക്ക് പ്ലാസ്മ നല്കാന് കോവിഡ് മുക്തി നേടിയ 22 പേരാണ് ഇന്നലെ മഞ്ചേരി മെഡിക്കല്‍ കോളജില്‍ എത്തിയതെന്നും ഇനിയും ഇരുന്നൂറോളം പേര് പ്ലാസ്മ നല്കാന് തയ്യാറാണെന്നും ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ ഗുരുതരാവസ്ഥയിലുള്ള രോഗിക്ക് കഴിഞ്ഞ ദിവസം മഞ്ചേരിയില്‍ നിന്ന് പ്ലാസ്മ എത്തിച്ച് നല്‍കിയതായും മുഖ്യമന്ത്രി വ്യക്തമാക്കി.
കോവിഡ് രോഗാണുവിനെതിരായ ആന്റിബോഡി കോവിഡ് വിമുക്തരുടെ പ്ലാസ്മയില്‍ നിന്ന് ലഭ്യമാവും. കോവിഡ് ഭേദമായി 14 ദിവസം മുതല്‍ നാല് മാസം വരെയുള്ള കാലയളവിലാണ് ഒരു വ്യക്തിയില്‍ നിന്ന് പ്ലാസ്മ ശേഖരിക്കുന്നത്. ഇത് ഒരു വര്‍ഷം വരെ സൂക്ഷിച്ച് വയ്ക്കാന്‍ സാധിക്കും. ഇതാണ് ചികിത്സയ്ക്കായി കോവിഡ് രോഗികളില്‍ ഉപയോഗിക്കുക. പതിനെട്ടിനും അമ്ബതിനും ഇടയില്‍ പ്രായമുള്ള 55 കിലോയിലധികം ഭാരമുള്ള കോവിഡ് വിമുക്തരില്‍ നിന്നാണ് പ്ലാസ്മ ശേഖരിക്കുന്നത്.