കൊച്ചി: ജില്ലയിൽ ഇന്ന് 44 പേർക്ക് കൂടി കോവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചതായി ജില്ലാ കളക്ടർ എസ്. സുഹാസ് അറിയിച്ചു. 38 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതിൽ 10 പേർ ആരോഗ്യപ്രവർത്തകരാണ്. ചെല്ലാനം ക്ലസ്റ്ററിൽ 12 പേർക്കും ആലുവ ക്ലസ്റ്ററിൽ നിന്നും 16 പേർക്കുമാണ് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്.
അതേസമയം ജില്ലയിൽ 9 പേർ രോഗമുക്തരായി. ജില്ലയിലെ ആശുപത്രികളിൽ രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 676 ആയി ഉയർന്നു. ആലുവ, ചെല്ലാനം, കീഴ്മാട് പ്രദേശങ്ങളിൽ അതീവ ജാഗ്രത തുടരുകയാണ്. ചെല്ലാനത്ത് പ്രാഥമിക കോവിഡ് ചികിത്സ കേന്ദ്രം പ്രവർത്തനമാരംഭിച്ചു. ആലുവ മാർക്കറ്റിൽ ഒരു ദിവസം മാത്രം ലോഡ് ഇറക്കുന്നതിനുള്ള അനുമതി നൽകിയിട്ടുണ്ട്. ആലുവ പ്രദേശം കണ്ടെയ്ന്മെന്റ് സോൺ ആയതിനാൽ കണ്ടയ്‌മെന്റ് സോണിനു പുറത്ത് സാധനങ്ങൾ നൽകുന്നതിന് അനുമതി ഇല്ല.