സ്വര്‍ണക്കടത്ത് കേസ്: ഗണ്‍മാന്‍ ജയഘോഷിനെ കസ്റ്റംസ് ചോദ്യം ചെയ്തു

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസ് യുഎഇ കോണ്‍സുലേറ്റ് അറ്റാഷെയുടെ ഗണ്‍മാന്‍ ജയഘോഷിനെ ചോദ്യം ചെയ്തു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ കഴിയുന്ന ജയ്ഘോഷിനെ ഇവിടെ എത്തിയാണ് കസ്റ്റംസ് സംഘം ചോദ്യം ചെയ്തത്. ഐബിയും ജയ്ഘോഷില്‍ നിന്ന് വിവരങ്ങള്‍ തേടിയിട്ടുണ്ട്. പ്രാഥമിക വിവര ശേഖരണമാണ് നടത്തിയതെന്നാണ് വിവരം. കിംസ് ആശുപത്രിയില്‍ വച്ചാണ് നാലംഗ ഉദ്യോഗസ്ഥ സംഘം ഇയാളെ ചോദ്യം ചെയ്തത്. ആരോഗ്യ നില തൃപ്തികരമായാല്‍ വീണ്ടും ഇയാളെ ചോദ്യം ചെയ്യും.

ആത്മഹത്യ ശ്രമം നടത്തിയ ജയഘോഷിനെ കഴിഞ്ഞ ദിവസമാണ് ആശുപത്രിയിലാക്കിയത്. മജിസ്ട്രേറ്റ് ഇന്നലെ ഇയാളുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. കാണാതെയായി എന്ന് കുടുംബം പരാതിപ്പെട്ട ജയഘോഷിനെ സ്വന്തം വീടിന് 200 മീറ്റര്‍ അകലെ കൈത്തണ്ടയില്‍ മുറിവേറ്റ നിലയിലായിരുന്നു കണ്ടെത്തിയത്. തുമ്പയിലെ ഭാര്യവീട്ടില്‍ നിന്നാണ് ജയ്ഘോഷിനെ കാണാതായത്. കുഴിവിളയിലെ കുടുംബ വീടിന് 200 മീറ്റര്‍ അകലെനിന്നാണ് ജയ്ഘോഷിനെ കണ്ടെത്തിയത്. ഇദ്ദേഹത്തിന്റെ കൈത്തണ്ടയില്‍ മുറിവേറ്റ നിലയിലാണ് കണ്ടെത്തിയത്. ബൈക്കില്‍ എത്തിയ നാട്ടുകാരനാണ് ജയ്ഘോഷിനെ കണ്ടെത്തിയത്. ബൈക്കില്‍ വരുമ്പോള്‍ ഒരാള്‍ മറിഞ്ഞുവീഴുന്നതായി കണ്ടതായും നോക്കിയപ്പോഴാണ് ജയ്ഘോഷാണെന്ന് തിരിച്ചറിഞ്ഞതെന്നും ആദ്യമായി കണ്ട നാട്ടുകാരന്‍ ബെന്നി പറഞ്ഞു. തുടര്‍ന്ന് പൊലീസിനെയും മറ്റും വിളിച്ചുവരുത്തുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *