കൊല്ലം: എട്ട് പേർക്ക് ജീവിതം നൽകി അവയവ ദാനത്തിന് മാതൃകയായി അനുജിത്തിന് കണ്ണീരിൽ കുതിർന്ന വിട. നാട്ടിലെ ലൈബ്രറിയിൽ കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് അനുജത്തിന്റെ മൃതദേഹം പൊതുദർശനത്തിന് വച്ചതിന് ശേഷം സംസ്‌കാരം ഇന്ന് വീട്ടുവളപ്പിൽ നടന്നു. കോവിഡ് സന്നദ്ധ പ്രവർത്തനങ്ങളിൽ അനുജിത്ത് വളരെ സജീവമായിരുന്നു. കൊട്ടാരക്കരയിലും പരിസര പ്രദേശങ്ങളിൽ അനുജിത്തും കൂട്ടുകാരും കോവിഡ് സേവനങ്ങളിൽ ഉണ്ടായിരുന്നു.
അപടകത്തെ തുടർന്ന് തിരുവനന്തപുരം കിംസ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന അനുജിത്ത് മസ്തിഷക മരണമടഞ്ഞതിനെ തുടർന്ന് ബന്ധുക്കൾ അവയവദാനത്തിന് സന്നദ്ധരാകുകയായിരുന്നു. ഹൃദയം, വൃക്കകൾ, 2 കണ്ണുകൾ, ചെറുകുടൽ, കൈകൾ എന്നിവയാണ് മറ്റുള്ളവർക്കായി നൽകിയത്. തീവ്ര ദു:ഖത്തിലും അവയവങ്ങൾ ദാനം ചെയ്യാൻ സന്നദ്ധരായ കുടുംബത്തെ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ ആദരവറിയിച്ചു. അനേകം പേരെ രക്ഷിച്ച് ജീവിതത്തിൽ തന്നെ മാതൃകയായ അനുജിത്തിന്റെ കുടുംബത്തിന്റെ വേദനയിൽ പങ്കു ചേരുന്നതായും മന്ത്രി വ്യക്തമാക്കി.
ഈ മാസം പതിനാലാം തീയതി കൊട്ടാരക്കരയ്ക്ക് സമീപം വച്ചാണ് അനുജിത്ത് ഓടിച്ച ബൈക്കിന് അപകടം സംഭവിച്ചത്. ജോലി ചെയ്യുന്ന സ്ഥാപനത്തിൽ നിന്നും വീട്ടിലേക്ക് മടങ്ങുന്നതിനിടയിൽ ആണ് അപകടം ഉണ്ടായത്. അതീവ ഗുരുതരാവസ്ഥയിലായിരുന്ന അനുജിത്തിനെ ഉടൻ തന്നെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലും തുടർന്ന് തിരുവന്തപുരം മെഡിക്കൽ കോളേജിലും കിംസ് ആശുപത്രിയിലുമെത്തിച്ചു. ജീവൻ രക്ഷിക്കാനുള്ള എല്ലാ പരിശ്രമങ്ങളും ഡോക്ടർമാർ നടത്തിയെങ്കിലും 17ന് മസ്തിഷ്‌ക മരണമടയുകയായിരുന്നു. കേരള സർക്കാരിന്റെ മരണാന്തര അവയവദാന പദ്ധതിയായ മൃതസഞ്ജീവനി (KNOS) വഴിയാണ് അവയവദാന പ്രകൃയ നടത്തിയത്.