സ്വപ്നയുടെ വീട്ടിൽ നിന്ന് ഒരുകോടിയിലേറെ രൂപയും സ്വർണവും കണ്ടെത്തി

കൊച്ചി: തിരുവനന്തപുരം വിമാനത്താവളം വഴി സ്വർണം കടത്താൻ ശ്രമിച്ച കേസിലെ മുഖ്യപ്രതി സ്വപ്നാ സുരേഷിന്റെ ലോക്കറിൽ നിന്ന് ഒരു കോടിയിലേറെ രൂപയും ഒരു കിലോ സ്വർണവും ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) കണ്ടെത്തി. ഇത്രയധികം രൂപ ഇവരുടെ പക്കൽ കണ്ടെത്തുകയെന്നത് അസ്വാഭാവികമാണെന്ന് ചൂണ്ടിക്കാണിച്ചാണ് എൻ.ഐ.എ ഇക്കാര്യം കോടതിയിൽ അറിയിച്ചത്. സ്വപ്നയുടെ വീട്ടിലും ലോക്കറിലുമായി ദേശീയ അന്വേഷണ ഏജൻസി നടത്തിയ പരിശോധനയിലാണ് ഇവ കണ്ടെത്തിയത്. ഇത് വിവാഹത്തിന് ഷെയ്ഖ് സമ്മാനിച്ചതാണെന്നാണ് സ്വപ്നയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചത്.

പണത്തിന്റെ ഉറവിടം ഉൾപ്പെടെയുള്ള കാര്യങ്ങളിലേക്ക് അന്വേഷണം എത്തേണ്ടതുണ്ടെന്ന് എൻ.ഐ.എ കോടതിയെ അറിയിച്ചു. സ്വപ്നയുടെ ബാങ്ക് അക്കൗണ്ടുകളുടെ രേഖകളും എൻ.ഐ.എ പിടിച്ചെടുത്തിരുന്നു. ഈ രേഖകളിലാണ് പലയിടത്തായി സൂക്ഷിച്ചിരുന്ന പണത്തെയും സ്വർണത്തെയും കുറിച്ചുള്ള വിവരങ്ങൾ അടങ്ങിയിരുന്നത്. സ്വപ്നയും കുടുംബവും ഏറെ നാൾ യുഎഇയിലാണ് താമസിച്ചിരുന്നത്. അവിടുത്തെ കോൺസുലേറ്റുമായി ബന്ധപ്പെട്ടുള്ള പ്രവർത്തനങ്ങളിൽ സ്വപ്നയുടെ പിതാവ് പങ്കാളിയായിരുന്നു. ആ സമയത്ത് വിവാഹത്തിന് സമ്മാനമായി ലഭിച്ച സമ്മാനങ്ങൾ സൂക്ഷിച്ചുവച്ചതാണ് സ്വർണവും പണവുമെന്നാണ് സ്വപ്നയുടെ അഭിഭാഷകൻ കോടതിയിൽ അറിയിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *