തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അഞ്ച് പേര്‍ കൂടി കോവിഡ് 19 വൈറസ് ബാധിച്ച് മരിച്ചതായി മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വയനാട്, എറണാകുളം, കാസര്‍കോട്, പാലക്കാട് ജില്ലകളിലാണ് കോവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. കോഴിക്കോട് ഇന്നലെ കോവിഡ് ബാധിച്ച് മരിച്ച റുഖിയയുടെ നിരീക്ഷണത്തിലിരുന്ന മകള്‍ ഷാഹിദയും മരിച്ചു. ന്യൂമോണിയ ബാധിച്ച് ബെംഗളൂരുവില്‍ നിന്ന് തലശേരിയിലേക്ക് കൊണ്ടുവരും വഴി മുത്തങ്ങയില്‍ കുഴഞ്ഞുവീണ് മരിച്ച അറുപത്തിരണ്ടുകാരി തലശേരി സ്വദേശി കെ.പി.ലൈലയ്ക്ക് രോഗം സ്ഥിരീകരിച്ചു. മെച്ചപ്പെട്ട ചികില്‍സതേടി നാട്ടിലേക്ക് തിരിച്ച ഇവര്‍ക്ക് ബെംഗളൂരുവില്‍ നടത്തിയ പരിശോധനയില്‍ കോവിഡില്ലെന്നാണ് കണ്ടെത്തിയത്. എന്നാല്‍ മരണശേഷം നടത്തിയ പരിശോധനയില്‍ കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്നലെ ആലുവയില്‍ മരിച്ച 72കാരന്‍ ചെല്ലപ്പനും വൈറസ് സ്ഥിരീകരിച്ചു.
രോഗം സ്ഥിരീകരിച്ച് പരിയാരം മെഡിക്കല്‍ കോളജില്‍ ചികില്‍സയിലിരുന്ന കാസര്‍കോട് സ്വദേശി നബീസയാണ് ഇന്ന് മരിച്ച മറ്റൊരാള്‍. സമ്പര്‍ക്കത്തിലൂടെയാണ് 75 കാരിയായ നബീസയ്ക്ക് രോഗം ബാധിച്ചത്. പാലക്കാട് ജില്ലാ ആശുപത്രിയില്‍ ചികില്‍സയിലിരുന്ന കൊല്ലങ്കോട് സ്വദേശിയായ 40 കാരി അഞ്ജലിയും ഇന്ന് മരിച്ചു. ഇന്നലെ കോവിഡ് ബാധിച്ച് മരിച്ച റുഖിയയുടെ കാന്‍സര്‍ബാധിതയായ മകള്‍ ഷാഹിദയുടെ മരണകാരണം കോവിഡാണോ എന്നത് പരിശോധനയ്ക്ക് ശേഷമേ സ്ഥിരീകരിക്കാനാവൂ. ബൈക്ക് അപകടത്തില്‍ പരുക്കേറ്റ് കണ്ണൂര്‍ മെഡിക്കല്‍ കോളജിലെ തീവ്ര പരിചരണ വിഭാഗത്തില്‍ ചികില്‍സയിലായിരിക്കെ മരിച്ച 19 കാരന്‍ അമല്‍ ജോ അജിക്കും കോവിഡ് സ്ഥിരീകരിച്ചു. കൂടാതെ കോഴിക്കോട് ജില്ലയിലെ മുഹമ്മദ് കോയ (58)യും കോവിഡ് ബാധിച്ച് ഇന്ന് മരിച്ചവരുടെ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുന്നു. ഇതോടെ മരണം 60 ആയി ഉയര്‍ന്നു.