കോഴിക്കോട്: കരിപ്പൂരിൽ നടന്ന നാടിനെ നടുക്കിയ വിമാനാപകടം അന്വേഷണത്തിന് പുതിയ സമിതിയെ നിയോഗിച്ചു. ക്യാപ്റ്റൻ എസ്.എസ്. ചഹറിന്റെ നേതൃത്വത്തിൽ അഞ്ചംഗ സമിതിയെയാണ് നിയോഗിച്ചിരിക്കുന്നത്. അഞ്ചു മാസത്തിനകം അന്വേഷണം പൂർത്തിയാക്കാൻ എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ നിർദേശം നൽകി.
അതേസമയം കരിപ്പൂർ വിമാനത്താവളത്തിൽ വലിയ വിമാനങ്ങൾക്കു നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. വിമാനാപകടത്തിന്റെ പശ്ചാത്തലത്തിലാണ് ഈ മഴക്കാലത്ത് വലിയ വിമാനം ഇറങ്ങുന്നതു തടഞ്ഞു കൊണ്ട് ഡിജിസിഎ ഉത്തരവിട്ടത്. ഈ മാസം ഏഴിനാണ് ദുബായിൽ നിന്നെത്തിയ എയർ ഇന്ത്യ വിമാനം അപകടത്തിൽപെട്ട് പൈലറ്റും യാത്രക്കാരുമടക്കം 18 പേർ മരിച്ചത്. റൺവേ നവീകരണത്തിന്റെ പേരിൽ ഏറെക്കാലം വലിയ വിമാനങ്ങൾക്ക് വിലക്കുണ്ടായിരുന്ന കരിപ്പൂരിൽ 2018 ഡിസംബറിലാണ് വീണ്ടും വലിയ വിമാനങ്ങൾ സർവീസ് ആരംഭിച്ചത്.