രാജമല ദുരന്തം: രക്ഷപ്പെട്ടവർക്കുള്ള പുനരധിവാസ പാക്കേജ് സംസ്ഥാനം പ്രഖ്യാപിച്ചു

ഇടുക്കി: രാജമലയിൽ മണ്ണിടിഞ്ഞ് ഉണ്ടായ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടവർക്കുള്ള പുനരധിവാസ പാക്കേജ് സംസ്ഥാനം പ്രഖ്യാപിച്ചു. പെട്ടിമുടിയിലെ എല്ലാ കുടുംബങ്ങളെയും പുനരധിവസിപ്പിക്കാനാണ് തീരുമാനം. പെട്ടിമുടി ദുരിതമേഖല സന്ദർശിച്ചതിന് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ. എല്ലാ കുടുംബങ്ങളെയും പുനരധിവസിപ്പിക്കുമെന്നും കുട്ടികളുടെ വിദ്യാഭ്യാസം ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കണ്ണൻ ദേവൻ കമ്പനി സഹായിക്കുമെന്നാണ് കരുതുന്നത്. വീട് നിർമിക്കാൻ സഹായവും സ്ഥലവും ആവശ്യമാണ്. ഇത് ചെയ്യണമെന്ന് കമ്പനിയോട് ആവശ്യപ്പെട്ടു. പ്ലസ് ടു കഴിഞ്ഞ വിദ്യാർഥികൾക്ക് ബിരുദ പഠനം നടക്കേണ്ടതുണ്ട്. അവർക്ക് വേണ്ട സഹായം പ്രത്യേകമായി പരിഗണിച്ചു നടപ്പാക്കും. കമ്പനിയുടെ ഭാഗത്തു നിന്നും കുറച്ചു നടപടികൾ കൂടി വേണം.

തൊഴിലാളികളെ മാറ്റിത്താമസിപ്പിച്ച ലയങ്ങളുടെ അറ്റകുറ്റപ്പണി നടത്തണം. ലയങ്ങളുടെ കാര്യത്തിൽ സർക്കാർ ഗൗരവമായി ചർച്ച നടത്തും. ഇടമലക്കുടിയിലേക്കുള്ള റോഡ് മെച്ചപ്പെടുത്തും. ഇക്കാര്യം നേരത്തെ തന്നെ സർക്കാരിന്റെ പരിഗണനയിലുള്ളതാണ്. എന്താണ് ചെയ്യേണ്ടതെന്ന് ഗൗരവമായി ആലോചിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. നേരത്തെ പ്രഖ്യാപിച്ച അഞ്ച് ലക്ഷം രൂപ ധനസഹായത്തിന് പുറമെയാണ് വീട് വച്ച് നൽകുന്നതെന്നും മുഖ്യമന്ത്രി ചോദ്യത്തിന് മറുപടിയായി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *