കരിപ്പൂർ: കരിപ്പൂരിൽ വിമാനം റൺവേയിൽ നിന്ന് തെന്നിമാറിയുണ്ടായ അപകടത്തിൽ ഒരു യാത്രക്കാരൻ കൂടി മരിച്ചു. മലപ്പുറം തിരുവാലി സ്വദേശി അരവിന്ദാക്ഷൻ (67) ആണ് മരിച്ചത്. ഹൃദയാഘാതമാണ് മരണകാരണം.
പരിക്കേറ്റ് ചികിത്സയിൽ കഴിയുകയായിരുന്നു യാത്രക്കാരൻ. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ അരവിന്ദാക്ഷൻ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലാണ് ചികിത്സയിൽ കഴിഞ്ഞത്. വിമാനാപകടത്തിൽ അരവിന്ദാക്ഷന്റെ ഭാര്യയ്ക്കും പരിക്കേറ്റിരുന്നു. ഇവരും ചികിത്സയിലാണ്. ഇതോടെ കരിപ്പൂർ വിമാനാപകടത്തിൽ മരിച്ചവരുടെ എണ്ണം 19 ആയി.