തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ സർവകക്ഷി യോഗം വിളിച്ചു. ചൊവ്വാഴ്ച വൈകുന്നേരം നാലിനാണ് യോഗം. കോവിഡ് വ്യാപനം വർധിച്ച സാഹചര്യത്തിൽ സമ്പൂർണ അടച്ചിടലിലേക്ക് പോകാൻ സംസ്ഥാന സർക്കാർ ഉദ്ദേശിക്കുന്നില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഗുരുതരാവസ്ഥ എല്ലാവർക്കും ബോധ്യപ്പെട്ടിട്ടുണ്ട്. അടച്ചിടലിലേക്ക് പോകുക എന്നല്ല കർശന നിയന്ത്രണം പാലിക്കണം. കോവിഡ് മാനദണ്ഡം പാലിക്കണം. മാസ്ക്, ശാരീരിക അകലം എന്നിവയാണ് പ്രധാനം. ഇതിൽ വല്ലാതെ ഒരു ലാഘവ നില വന്നിട്ടുണ്ട്. ഇതൊന്നും സാരമില്ല എന്നൊരു ബോധം വന്നിട്ടുണ്ട്. അത് അപകടമാണ്.
ആരോഗ്യമുള്ളവർക്കടക്കം പ്രത്യാഘാതമുണ്ട്. കോവിഡ് വന്ന് പോയതിന് ശേഷവും പ്രത്യാഘാതമുണ്ട്. ഇത് നിസാരമായി കാണാൻ കഴിയില്ല. നല്ല രീതിയിൽ മാനദണ്ഡം പാലിക്കണം. ക്വാറന്റൈനിൽ കഴിയുന്നവർ കൃത്യമായി കഴിയണം. ഗൗരവമായി മാനദണ്ഡങ്ങൾ പാലിച്ചാൽ വ്യാപന തോത് കുറക്കാനാകുമെന്നാണ് സർക്കാർ കരുതുന്നത്. അതിന് സഹകരണമാണ് വേണ്ടതെന്നും അതിനാണ് യോഗം വിളിച്ചതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ലോക്ഡൗൺ അടക്കമുള്ള നിയന്ത്രണങ്ങൾ ചർച്ച ചെയ്യാനാണ് യോഗം ചേരുകയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും അറിയിച്ചു. സർക്കാർ നിർദേശങ്ങൾ പ്രതിപക്ഷ അനുസരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ നിയന്ത്രണങ്ങൾ പാലിക്കാൻ ആളുകൾ തയാറാകുന്നില്ലെങ്കിൽ ലോക്ഡൗണിലേക്ക് പോകേണ്ടി വരുമെന്ന് ആരോഗ്യമന്ത്രി കെ.കെ.ഷൈലജ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.