കൊച്ചിയില്‍ ആദ്യമായി ആയിരംകടന്ന് കോവിഡ് രോഗികള്‍; 1056 പേര്‍ക്ക് രോഗം

കൊച്ചി: ജില്ലയില്‍ ഇന്ന് മാത്രം 1056 പേര്‍ക്ക് കോവിഡ് 19 വൈറസ് രോഗം സ്ഥിരീകരിച്ചതായി ജില്ലാ കളക്ടര്‍ എസ്.സുഹാസ്. ഇതാദ്യമായാണ് ജില്ലയില്‍ ആയിരംകടന്ന് കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നത്. ഇന്ന രോഗം സ്ഥിരീകരിച്ചവരില്‍ 896 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതില്‍ 140 പേരുടെ ഉറവിടം കണ്ടെത്താനായിട്ടില്ല.

വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവര്‍ എട്ടും അതേസമയം ആറ് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ആറ് ഐ.എന്‍.എച്ച്.എസ് വിഭാഗക്കാര്‍ക്കും രോഗം സ്ഥിരീകരിച്ചു. അതേസമയം 263 പേര്‍ രോഗ മുക്തി നേടി. ഇതില്‍ 256 പേര്‍ എറണാകുളം ജില്ലക്കാരും ഒരാള്‍ ഇതര സംസ്ഥാനക്കാരനും 6 പേര്‍ മറ്റ് ജില്ലക്കാരുമാണ്. എന്നാല്‍ ഇന്നലെ 1763 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 1460 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു. നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 23896 ആണ്. ഇതില്‍ 22123 പേര്‍ വീടുകളിലും 144 പേര്‍ കോവിഡ് കെയര്‍ സെന്ററുകളിലും 1629 പേര്‍ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്. ഇന്ന് 329 പേരെ ആശുപത്രിയില്‍/ എഫ് എല്‍ റ്റി സിയില്‍ പ്രവേശിപ്പിച്ചു. വിവിധ ആശുപ്രതികളില്‍/ എഫ് എല്‍ റ്റി സികളില്‍ നിന്ന് 231 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു. നിലവില്‍ രോഗം സ്ഥിരീകരിച്ചു ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 6817 (ഇന്ന് റിപ്പോര്‍ട്ട് ചെയ്ത പോസിറ്റീവ് കേസുകള്‍ ഉള്‍പ്പെടാതെ) കളമശ്ശേരി മെഡിക്കല്‍ കോളേജ് – 236, പി വി എസ് – 26, സഞ്ജീവനി – 142, സ്വകാര്യ ആശുപത്രികള്‍ – 596, എഫ്.എല്‍. റ്റി.സി.കള്‍ – 1733, വീടുകള്‍ – 4084 എന്നിങ്ങനെയാണ് കണക്കുകള്‍.

ജില്ലയില്‍ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 7876 ആണ്. ഇന്ന് ജില്ലയില്‍ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി 1961 സാമ്ബിളുകള്‍ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്. ബുധനാഴ്ച 1822 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. ബുധനാഴ്ച അയച്ച സാമ്പിളുകള്‍ ഉള്‍പ്പെടെ ഇനി 1417 ഫലങ്ങളാണ് ലഭിക്കാനുള്ളത്. ജില്ലയിലെ സ്വകാര്യ ലാബുകളില്‍ നിന്നും സ്വകാര്യ ആശുപത്രികളില്‍ നിന്നുമായി ഇന്ന് 2572 സാമ്പിളുകള്‍ പരിശോധനയ്ക്കായി ശേഖരിച്ചു. 540 കോളുകള്‍ ആണ് കണ്‍ട്രോള്‍ റൂമില്‍ ലഭിച്ചത്. ഇതില്‍ 217 കോളുകള്‍ പൊതുജനങ്ങളില്‍ നിന്നുമായിരുന്നു. ഡോക്ടര്‍മാര്‍ക്കും നേഴ്‌സ് മാര്‍ക്കും ഉള്ള കോവിഡ് ഐസിയു പരിശീലന പരിപാടിയുടെ ആദ്യത്തെ ബാച്ചിന്റെ പരിശീലനം ഗവണ്മെന്റ് കോവിഡ് അപെക്‌സ് ആശുപത്രിയായി തിരഞ്ഞെടുക്കപ്പെട്ട കലൂര്‍ പി വി എസ് ആശുപത്രിയില്‍ പൂര്‍ത്തിയായി. രണ്ടാമത്തെ ബാച്ചിന്റെ പരിശീലനം നടന്നു കൊണ്ടിരിക്കുന്നു. ഒരു ബാച്ചില്‍ ആറു ഡോക്ടര്‍മാരും 6 സ്റ്റാഫ് നഴ്‌സമാരുമാണ് ഉള്ളത്.

ഒരു ബാച്ചിന് 7 ദിവസത്തെ ഹാന്‍ഡ്‌സ് ഓണ്‍ പരിശീലനം ആണ് നല്‍കുന്നത്. ഇടപ്പിള്ളി ഐ. സി . ഡി .എസ് പ്രൊജക്റ്റ് ഓഫീസര്‍മാര്‍ അങ്കണവാടി വര്‍ക്കേഴ്‌സ് തുടങ്ങിയവര്‍ക്ക് കോവിഡ് ബോധവല്‍കരണവും പ്രതിരോധ പരിശീലനം നല്‍കി. വാര്‍ഡ് തലത്തില്‍ 4722 വീടുകള്‍ സന്ദര്‍ശിച്ചു ബോധവല്‍ക്കരണം നടത്തി. വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുമായി ഫോണ്‍ വഴി ബന്ധപ്പെട്ട് ആരോഗ്യ സ്ഥിതിയും വിലയിരുത്തി വരുന്നു. കൊറോണ കണ്‍ട്രോള്‍റൂമിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ടെലി ഹെല്‍ത്ത് ഹെല്‍പ്പ് ലൈന്‍ സംവിധാനത്തില്‍ നിന്ന് വീഡിയോ കോള്‍ വഴി ബുധനാഴ്ച നിരീക്ഷണത്തില്‍ കഴിയുന്ന 215 പേര്‍ക്ക് സേവനം നല്‍കി. ഇവര്‍ ഡോക്ടറുമായി നേരില്‍ കണ്ട് സംസാരിക്കുകയും ആശങ്കകള്‍ പരിഹരിക്കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *