കൊച്ചി: ലൈഫ് മിഷന് പദ്ധതിയുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റര്‍ ചെയ്ത ഡയറി സിബിഐ ഹൈക്കോടതിയില്‍ ഹാജരാക്കി. കേസുമായി ബന്ധപ്പെട്ട് സിബി ഐ ഇതുവരെ അന്വേഷണത്തില്‍ കണ്ടെത്തിയ മുഴുവന്‍ വിവരങ്ങളും കേസ് ഡയറിയിലുണ്ടെന്നാണ് വിവരം. മുദ്രവച്ച കവറിലാണ് ലൈഫ് മിഷന് കേസുമായി ബന്ധപ്പെട്ടുള്ള കേസ് ഡയറി സിബിഐ കോടതിയില്‍ സമര്‍പ്പിച്ചത്. സിബിഐ രജിസ്റ്റര്‍ ചെയ്ത എഫ്ഐആര്‍ റദ്ദാക്കണമെന്ന ലൈഫ് മിഷന് സിഇഒയുടെയും യൂനിടാക് എംഡി സന്തോഷ് ഈപ്പനും സമര്‍പ്പിച്ച ഹര്‍ജികളില്‍ കോടതി വിധി പറയാനിരിക്കെയാണ് സിബി ഐ കേസ് ഡയറി ഹാജരാക്കിയത്.
ഇന്നലെ കേസില്‍ വാദം നടക്കവേ കേസ് ഡയറി ഹാജരാക്കാന്‍ സന്നദ്ധരാണെന്ന് സിബിഐ അഭിഭാഷകന് കോടതിയെ അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കോടതി ഇതിന് അനുമതി നല്‍കുകയായിരുന്നു. തുടര്‍ന്നാണ് സിബിഐ കോടതിയില്‍ കേസ് ഡയറി ഹാജരാക്കിയത്. വിധി പ്രസ്താവിക്കുന്നതിനു മുന്‍പു കോടതി കേസ് ഡയറി പരിശോധിച്ചേക്കും.