കൊച്ചി: ചോദ്യം ചെയ്യലിനായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മുന്‍പാകെ സ്വപ്ന സുരേഷ് നാളെ ഹാജരാകില്ല. ആരോഗ്യപ്രശ്നങ്ങള്‍ ഉള്ളതിനാല്‍ നാളെ ഹാജരാകാന്‍ സാധിക്കില്ലെന്ന് ഇഡി ഉദ്യോഗസ്ഥരെ സ്വപ്ന സുരേഷ് അറിയിച്ചു . ഈ മാസം 15ന് ഹാജരാകുമെന്നും അവര്‍ പറഞ്ഞു. അതേസമയം, എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണവുമായി സഹകരിക്കുമെന്നും ആത്മഹത്യയുടെ വക്കില്‍ ്നില്ക്കുന്ന തനിക്ക എന്തിനാണ് ഭയമെന്നും സ്വപ്ന സുരേഷ് പറഞ്ഞു. എല്ലാ അന്വേഷണത്തോടും സഹകരിക്കും. പറയാനുള്ളത് ശിവശങ്കറിന്റെ പുസ്തകത്തിലെ വ്യാജ പ്രചാരണത്തെ കുറിച്ചാണെന്നും സ്വപ്ന വ്യക്തമാക്കി.ഇഡി കസ്റ്റഡിയിലിരിക്കെ പുറത്തുവന്ന തന്റെ ശബ്ദരേഖ ആസൂത്രിതമായിരുന്നെന്ന സ്വപ്നയുടെ പുതിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് ഇഡി സ്വപ്നയ്ക്ക് നോട്ടീസ് നല്‍കിയത്. മുഖ്യമന്ത്രി പിണറായി വിജയന്റെയും സംസ്ഥാന സര്‍ക്കാരിലെ ഉന്നതരുടെയും പേരുകള്‍ പറയാന്‍ ഇഡി സമ്മര്‍ദ്ദം ചെലുത്തി എന്നായിരുന്നു ശബ്ദരേഖയിലെ വിശദാംശം. എന്നാല്‍ തനിക്ക് അങ്ങനെ ഒരു സമ്മര്‍ദ്ദം ഉണ്ടായിട്ടില്ലെന്നും ഒരു സുരക്ഷാ ഉദ്യോഗസ്ഥ ആവശ്യപ്പെട്ട പ്രകാരമാണ് താന്‍ അങ്ങനെ പറഞ്ഞത് എന്നുമാണ് സ്വപ്നയുടെ ഇപ്പോഴത്തെ നിലപാട്. കള്ളപ്പണ ഇടപാടില്‍ ശിവശങ്കറിന് കൂടുതല്‍ കാര്യങ്ങള്‍ അറിയാമായിരുന്നുവെന്നും സ്വപ്ന വെളിപ്പെടുത്തിയിരുന്നു. ഇക്കാര്യത്തില്‍ വ്യക്തത വരുത്താനാണ് ഇഡി സ്വപ്നയെ കൊച്ചിയിലെ ഓഫീസിലേക്ക് വിളിച്ചുവരുത്താന്‍ നോട്ടീസ് നല്‍കിയത്.നാളെ ഹാജരാകാനായിരുന്നു നിര്‍ദ്ദേശം.